ബദിയടുക്ക; പൗരത്വഭേദഗതിനിയമത്തിനെതിരെയുള്ള പ്രകടനത്തിനിടെ കല്ലേറ്. രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി നീര്‍ച്ചാലില്‍ ജനകീയസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടെയാണ് കല്ലേറുണ്ടായത്. പുതുക്കോളിയിലെ ശ്രീജിത്ത്(26), മല്ലടുക്കയിലെ ഗണേഷ്(24) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുകളിലെ ബസാറില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. താഴെ ബസാറില്‍ നിന്ന് തിരികെ വരുന്നതിനിടെയാണ് കല്ലേറുണ്ടായത്. സമീപത്തെ ക്ലബ്ബില്‍ ഇരിക്കുകയായിരുന്ന ശ്രീജിത്തിനും ഗണേഷിനും കല്ലേറില്‍ പരുക്കേല്‍ക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഷംസീര്‍, ഷബു, ഷെരീഫ് തുടങ്ങി 100 പേര്‍ക്കെതിരെ വധശ്രമത്തിന് ബദിയടുക്ക പോലീസ് കേസെടുത്തു. നീര്‍ച്ചാലിലെ കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തുവെന്ന പരാതിയിലും പൊലീസ് കേസെടുത്തു. അടക്കവ്യാപാരിയായ മല്ലടുക്കയിലെ രവികുമാറിന്റെ കാറിനാണ് കേടുപാടുകള്‍ സംഭവിച്ചത്. മൂന്നുപേരെ മുന്‍കരുതലായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രകടനത്തിലുണ്ടായിരുന്നവര്‍ വീട്ടുമുറ്റത്തേക്ക് തീപ്പന്തമെറിയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന നീര്‍ച്ചാലിലെ നവീന്റെ ഭാര്യ വിനൂദയുടെ പരാതിയില്‍ മൊയ്തു, അച്ചു തുടങ്ങിയവര്‍ക്കും കണ്ടാലറിയാവുന്ന ഒരു സംഘത്തിനെതിരെയും പൊലീസ് കേസെടുത്തു.അതേ സമയം കല്ലേറുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും സമരത്തില്‍ പങ്കെടുക്കാതിരുന്ന സംഘമാണ് കുഴപ്പങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ അക്രമം നടത്തിയതെന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
0 Comments