ഓട്ടോഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവ്

ഓട്ടോഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവ്


കാസര്‍കോട്; ഓട്ടോഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി അഞ്ചുവര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കരിവേടകം പള്ളക്കാട് ദര്‍ഘാസിലെ ചന്ദ്രനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതി ജഡ്ജി ടി കെ നിര്‍മല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ പ്രതി രണ്ടുമാസം അധികതടവ് അനുഭവിക്കണം.പള്ളക്കാട്ടെ രാജപ്പന്റെ മകനും ഓട്ടോഡ്രൈവറുമായ രതീഷിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് ചന്ദ്രന്‍. 2018 ഒക്ടോബര്‍ ഒന്നിന് ഉച്ചക്ക് 1.30 മണിയോടെ കരിവേടകം ഓട്ടോസ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഉച്ചയൂണ് കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന രതീഷിനെ ചന്ദ്രന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് ഒന്നരമാസം മുമ്പ് രതീഷ് ഓട്ടോ ഓടിച്ചുപോകുമ്പോള്‍ കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ചന്ദ്രന്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതുസംബന്ധിച്ച വിരോധത്തിലാണ് പിന്നീട് അക്രമം നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. തലക്കും ചുമലിനും വെട്ടേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രതീഷ് മംഗളൂരു വെന്‍ലോക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടിയന്തിര ശസ്ത്രക്രിയ നടത്തിയതോടെയാണ് യുവാവ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. രതീഷിന്റെ പരാതിയില്‍ ചന്ദ്രനെതിരെ വധശ്രമത്തിനാണ് ബേഡകം പോലീസ് കേസെടുത്തിരുന്നത്. എസ് ഐ ടി ദാമോദരന്‍ ഈ കേസില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബാലകൃഷ്ണന്‍ കോടതിയില്‍ ഹാജരായി.

Post a Comment

0 Comments