20 ദിവസത്തിന് ശേഷം മോചനം; കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാരെ വിട്ടയച്ചു

20 ദിവസത്തിന് ശേഷം മോചനം; കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാരെ വിട്ടയച്ചു



അബുജ: നൈജീരിയ തീരത്തിന് സമീപം കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ കപ്പലിലെ 18 ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെ മോചിപ്പിച്ചു. ഡിസംബര്‍ മൂന്നിനാണ് ഹോങ്കോങ് പതാകയുള്ള കപ്പലായ എംടി നേവ് കോണ്‍സ്റ്റലേഷന്‍ നൈജീരിയ തീരത്തിനടുത്ത് വെച്ച് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. കപ്പലിന്‍റെ നിയന്ത്രണം ഏറ്റെടുത്ത കൊള്ളക്കാര്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.


കപ്പലിലെ ജീവനക്കാരായ 18 ഇന്ത്യക്കാരെയും മോചിപ്പിച്ചതായി നൈജീരിന്‍ നാവികസേന അറിയിച്ചു. ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കിയ നൈജീരിയ സര്‍ക്കാരിനും നാവികസേനയ്ക്കും നന്ദി പറഞ്ഞുകൊണ്ട് നൈജീരിയയിലെ ഇന്ത്യന്‍ മിഷന്‍ ട്വീറ്റ് ചെയ്‍തു.

നൈജീരിയയുമായി ചേര്‍ന്നാണ് ഇന്ത്യന്‍ സംഘം കപ്പല്‍ ജീവനക്കാരുടെ മോചനത്തിനായി പ്രവര്‍ത്തിച്ചത്. കപ്പല്‍ റാഞ്ചിയ വിവരം അറ‌ിഞ്ഞ ഉടനെ തന്നെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രശ്‍നത്തില്‍ ഇടപെടുകയും നൈജീരിയ സര്‍ക്കാരുമായി ബന്ധപ്പെടുകയും ചെയ്‍തിരുന്നു. ജീവനക്കാരുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചിരുന്നു.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ മേഖലയിലെ സമുദ്രമേഖലയില്‍ നിരീക്ഷണം നടത്തുന്ന എആര്‍എക്സ് മാരിടൈം ആണ് കപ്പല്‍ റാഞ്ചിയ വിവരം പുറത്തുവിട്ടത്. 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 19 ജീനക്കാരുള്ള കപ്പലാണ് റാഞ്ചിയത്.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ കടലില്‍ കൊള്ളക്കാരുടെ സാന്നിധ്യം വര്‍ധിച്ചിരിക്കുകയാണ്. ഡിസംബര്‍ 16-ന് മറ്റൊരു കപ്പല്‍ കൊള്ളക്കാര്‍ റാഞ്ചിയിരുന്നു. മാര്‍ഷല്‍ ഐലന്‍ഡിന്‍റെ ഡ്യൂക്ക് എന്ന കപ്പലാണ് തട്ടിയെടുത്തത്. ഈ കപ്പലിലെ 20 ജീവനക്കാര്‍ ഇന്ത്യക്കാരാണ്. ഇവരുടെ മോചനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയാണ്.

ടോഗോ തലസ്ഥാനമായ ലോമിന് 115 കിലോമീറ്റര്‍ തെക്കുകിഴക്ക് ഭാഗത്ത് നിന്നാണ് കപ്പല്‍ റാഞ്ചിയത്.

Post a Comment

0 Comments