
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിന്റെ സായംസന്ധ്യകളെ കാൽപന്തുകളിയുടെ ലഹരിയിലാഴ്‌ത്തി അതിഞ്ഞാൽ തെക്കേപ്പുറം ഡോ മൻസൂർ ഗ്രൗണ്ടിൽ അരങ്ങേറുന്ന പ്രഥമ എംഎഫ്‌എ അംഗീകൃത അരയാൽ സെവൻസ് ഫുട്ബോളിലെ ആദ്യ റൗണ്ടിലെ മൂന്നാം മത്സരത്തിൽ ഷൂട്ടേയ്സ് പടന്ന മടക്കമില്ലാത്ത അഞ്ച് ഗോളീകൾക്ക് ഒഫൻസ് കീഴൂറിനെ തകർത്തെറിഞ്ഞു.
എംബി മൂസാ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിയും ഒരുലക്ഷം രൂപയും ടൂർണമെന്റിലെ ജേതാക്കളെ തേടി എത്തുമ്പോൾ രണ്ടാം സ്ഥാനക്കാരെ തേടി പാലക്കി മൊയ്‌തു ഹാജി റണ്ണേഴ്‌സ് ട്രോഫിയും നൽകപ്പെടും.
ഷൂട്ടേയ്‌സ് പടന്നക്ക് വേണ്ടി ഘാന താരം സ്‌നൈഡർ മൂന്ന് ഗോളുകൾ നേടിയപ്പോൾ യൂണിവേഴ്‌സിറ്റി താരങ്ങളായ ഇസ്സുദ്ദീനും അനസും ഒരോരോ ഗോളുകൾ നേടി അഞ്ച് ഗോളുകൾ പൂർത്തിയാക്കി. പോരാട്ടത്തിലെ അവസാന നിമിഷം വരെ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോളുകളൊന്നും നേടാൻ ഒഫൻസ് കീഴൂറിനായില്ല.
മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത ഷൂട്ടേയ്‌സ് പടന്നയുടെ ഘാന താരം സ്‌നൈഡറിനുള്ള ട്രോഫി ഖാലിദ് പാലക്കി കൈമാറി.
ഇന്ന് നടക്കുന്ന ആദ്യ റൗണ്ടിലെ നാലാം പോരാട്ടത്തിൽ മൊട്ടമ്മൽ ബ്രദേഴ്‌സ് മൊട്ടമ്മൽ,ബ്രദേഴ്‌സ് ബാവാനഗറിനെ നേരിടും.
0 Comments