പൗരത്വബില്‍ പ്രശ്‌നത്തില്‍ കേരളം ഇനി രചിക്കാന്‍ പോകുന്നത് പുതിയ ചരിത്രമാണ്. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഇടതുപക്ഷം നടത്തുന്ന മനുഷ്യച്ചങ്ങലയാണ് ചരിത്രമാകാന്‍ പോകുന്നത്.
ഇതിനകം തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ പ്രക്ഷോഭത്തിനാണ് മനുഷ്യച്ചങ്ങല പുതിയ കരുത്തായി മാറുക.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 579.3 കിലോമീറ്ററിലാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ചങ്ങല മനുഷ്യ കോട്ടയായി മാറുമെന്നാണ് സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
വിദ്യാര്‍ത്ഥികളും സ്ത്രീകളും കുട്ടികളും മുതല്‍ മുതിര്‍ന്നവര്‍ വരെ മനുഷ്യച്ചങ്ങലയില്‍ അണിനിരക്കും.സിനിമാ താരങ്ങളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കുന്നതിനുള്ള നീക്കങ്ങളും അണിയറയില്‍ ഊര്‍ജ്ജിതമാണ്.
സ്വന്തം നെഞ്ച് കൊണ്ട് നിരവധി തവണ കേരളത്തെ അളന്നവരാണ് ഇവിടുത്തെ ഇടതുപക്ഷ പ്രവര്‍ത്തകര്‍. അതു കൊണ്ട് തന്നെ മനുഷ്യച്ചങ്ങലയുടെ വിജയത്തെ കുറിച്ച് ആര്‍ക്കും തന്നെ ഒരു സംശയവുമില്ല. ഇതില്‍ എത്രമാത്രം ജനങ്ങള്‍ പങ്കാളിയാവും എന്നത് മാത്രമാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും, ആരോഗ്യം അനുവദിച്ചാല്‍ വി.എസ് അച്ചുതാനന്ദനും ചങ്ങലയില്‍ കണ്ണികളാകും.എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വലിയ രൂപത്തില്‍ വിദ്യാര്‍ത്ഥികള്‍ മനുഷ്യച്ചങ്ങലയുടെ ഭാഗമാകുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍.
കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ബി.ജെ.പി ഒഴികെ ഒട്ടുമിക്ക പാര്‍ട്ടികളും പ്രതിഷേധത്തിലാണ്.
പ്രതിഷേധം അതിരുവിടാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ഇടതുപക്ഷവും യു.ഡി.എഫും അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീവ്രസ്വഭാവമുള്ള സംഘടനകളെ മാറ്റി നിര്‍ത്താനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.
എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുമായി ഇടതുപക്ഷം നിലവില്‍ സഹകരിക്കുന്നില്ല. ഇവര്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതക്കാണ് വളമേകുന്നത് എന്നാണ് സി.പി.എം ആരോപിക്കുന്നത്.
തീവ്ര ആശയങ്ങള്‍ വച്ചു പുലര്‍ത്തുന്ന ഇത്തരം സംഘടനകളെ ഒരു സമരത്തിലും അടുപ്പിക്കരുതെന്നാണ് അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഈ പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനകളെ മാറ്റി നിര്‍ത്തിയാണ് എസ്.എഫ്.ഐയും നിലവില്‍ സമരങ്ങള്‍ സംഘടിപ്പിച്ച് വരുന്നത്.
ജാതി – മത സംഘടനകള്‍ക്ക് മുതലെടുപ്പിന് അവസരം നല്‍കാതെ പ്രക്ഷോഭത്തിന്റെ നായകസ്ഥാനമാണ് ചെമ്പടയിപ്പോള്‍ കരസ്ഥമാക്കിയിരിക്കുന്നത്.
0 Comments