ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ഇത്രയും ശക്തവും വ്യാപകവുമായ പ്രതിഷേധം ഉയരുമെന്ന് എന്‍.ഡി.എ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ പൗരത്വ നിയമ ഭേദഗതി വരുത്തിയ കോട്ടം പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് ബി.ജെ.പി. വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2014ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയതിനു ശേഷം നരേന്ദ്ര മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറുകയാണ് പൗരത്വ നിയമ ഭേദഗതി. പ്രതിഷേധത്തിനിടെ ഇതിനോടകം 21ല്‍ അധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും പ്രശ്‌നപരിഹാരത്തിനുള്ള നീക്കത്തിലാണ്.
ഇങ്ങനെ പ്രതിഷേധം ഉയരുമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് മാത്രമല്ല, ബി.ജെ.പിയുടെ മറ്റ് ജനപ്രതിനിധികള്‍ക്കും ഇത്തരത്തിലൊരു പ്രതിഷേധം ഉയരുമെന്ന് മുന്‍കൂട്ടിക്കാണാന്‍ സാധിച്ചില്ല- കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ പ്രതികരിച്ചു. മോദി മന്ത്രിസഭയിലെ മൃഗസംരക്ഷണം- ക്ഷീരവികസനം- മത്സ്യബന്ധന വകുപ്പുമന്ത്രിയാണ് ബല്യാന്‍
പൗരത്വ നിയമ ഭേദഗതിയോടുള്ള പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള പാര്‍ട്ടി അനുഭാവികളെ ഒരുമിച്ചുകൂട്ടുകയാണെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ട് കേന്ദ്രമന്ത്രിമാരും മൂന്ന് ജനപ്രതിനിധികളും വ്യക്തമാക്കി.
നിയമം പാസാക്കിയപ്പോള്‍, അതിനു പിന്നിലെ രാഷ്ട്രീയ സമവാക്യം കണക്കിലെടുത്തിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്- ഒരു കേന്ദ്രമന്ത്രി പറഞ്ഞു. വിഷയം സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്യാത്തതിനെ ചൂണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
0 Comments