വീണ്ടും ഐസിസ് ക്രൂരത: 10 പേരെ കഴുത്തറുത്ത് കൊന്നു; സ്ത്രീകളെ തട്ടിക്കൊണ്ടുപോയി

വീണ്ടും ഐസിസ് ക്രൂരത: 10 പേരെ കഴുത്തറുത്ത് കൊന്നു; സ്ത്രീകളെ തട്ടിക്കൊണ്ടുപോയി


അബുജ (നൈജീരിയ): ലോകത്തെ നടുക്കി വീണ്ടും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ക്രൂരത. ഐസിസ് ഭീകരര്‍ നൈജീരിയയില്‍ 10 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഒരാളെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്‍തു. രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി.


ഭീകരര്‍ 10 പുരുഷന്‍മാരുടെ തലയറുക്കുന്നതിന്‍റെ വീഡിയോ ഐസിസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഇസ്ലാമിക് സ്റ്റേറ്റ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്‍ദാദിയുടെ മരണത്തിനുള്ള പ്രതികാരമാണിതെന്നാണ് വീഡിയോയില്‍ പറയുന്നത്. ഐഎസ് അവരുടെ ഓണ്‍ലൈന്‍ ടെലഗ്രാം ന്യൂസ് ചാനലിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

കണ്ണ് കെട്ടി നിര്‍ത്തിയ ബന്ദികളുടെ പുറകില്‍ നിന്ന് ഭീകരര്‍ കഴുത്തറുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോയില്‍ ശബ്ദമുണ്ടായിരുന്നില്ല. എന്നാല്‍ അറബിക്കില്‍ എഴുതിക്കാണിക്കുന്നുണ്ടായിരുന്നു. 10 പേരുടെ കഴുത്തറുക്കുന്നതും ഒരാളെ വെടിവെച്ച് കൊല്ലുന്നതുമാണ് വീഡിയോയിലുള്ളത്.

ഡിസംബര്‍ 22-നാണ് വടക്ക് കിഴക്കന്‍ നൈജീരിയയിലെ ബൊര്‍നൊയില്‍ വെച്ച് ഭീകരര്‍ വാഹനം തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ബന്ദികളാക്കിയത്. യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ച ഭീകരര്‍ അവരില്‍ ക്രിസ്‍ത്യാനികളെയും അന്താരാഷ്ട്ര സമാധാന സംഘടനകളുമായോ മറ്റേതെങ്കിലും പൊതുസംഘടനകളുമായോ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെയും തിരഞ്ഞുപിടിച്ച് ബന്ദികളാക്കുകയായിരുന്നു.

ഐസിസിന്‍റെ കീഴിലുള്ള നൈജീരിയയിലെ ബോകോ ഹറം ഭീകര സംഘനയ്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സിവിലിയന്‍ ജോയിന്‍റ് ടാസ്‍ക് ഫോഴ്‍സിലുള്ളവരെയും ക്രിസ്‍ത്യാനികളെയുമാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. അന്താരാഷ്ട്ര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ത്രീകളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഐസിസ് 2015-ലാണ് ബോകോ ഹറമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന‍് തുടങ്ങിയത്. എന്നാല്‍ 2016ല്‍ ബോകോ ഹറമില്‍ നിന്ന് വേര്‍പെട്ട് മേഖലയിലെ ശക്തമായ ജിഹാദി സംഘമായി മാറി. ഒരു പതിറ്റാണ്ടിനിടെ ഇസ്ലാമിക് ജിഹാദികള്‍ 30000 ത്തിലധികം ആളുകളെയാണ് നൈജീരിയയില്‍ കൊലപ്പെടുത്തിയത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അ‍ഡമാവ, ബൊര്‍നൊ, യൊബെ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ കൈയില്‍ കരുതണമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ നജീരിയ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ബോകോ ഹറം, ഐസിസ് അംഗങ്ങളെ കണ്ടെത്തുന്നതിനായിരുന്നു ഇത്.
 

Post a Comment

0 Comments