LATEST UPDATES

6/recent/ticker-posts

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ മൂന്ന് ദിവസം; നിരോധനം ഈ 11 ഇനത്തിന്



തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ജനുവരി ഒന്ന് മുതൽ. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ അടക്കം 11 പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് പ്രധാനമായി നിരോധിക്കുന്നത്. നിയമം ലംഘിച്ചാൽ 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ.
എല്ലാതരം പ്ലാസ്റ്റിക് ക്യാരി ബാഗുകൾ മുതൽ പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, ഷീറ്റുകൾ, ഗാർബേജ് ബാഗുകൾ, ജ്യൂസ് പാക്കറ്റ്, പിവിസി ഫ്ലക്സ് ഇങ്ങനെ നീളുന്നു നിരോധിക്കപ്പെടുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ. 
കയറ്റുമതി ചെയ്യാനായ് നിർമ്മിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്നവ, കമ്പോസ്റ്റ് പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവയ്ക്ക് നിരോധനമില്ല. നിരോധനം സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ ബോധവൽക്കരണം ഇനിയുള്ള മൂന്ന് ദിവസങ്ങളിൽ ഉണ്ടാകും. 
നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമ്മിച്ചാലും വിൽപന നടത്തിയാലും, സൂക്ഷിച്ചാലും കുറ്റകരമാണ്. നിയമലംഘനങ്ങൾക്ക് കനത്ത പിഴയാകും ചുമത്തുക. ആദ്യ നിയമലംഘനങ്ങൾ‌ക്ക് 10,000 രൂപയും, രണ്ടാമത് ആവർത്തിച്ചാൽ 25,000 രൂപയും, തുടർന്നുള്ള നിയമലംഘനങ്ങൾക്ക് 50,000 രൂപയുമാണ് പിഴ ഈടാക്കുന്നത്.
തമിഴ്നാട്ടിൽ പ്ലാസ്റ്റിക് നിരോധനത്തിന് ശേഷം 70 ശതമാനത്തിലധികം പ്ലാസ്റ്റിക് ഉപഭോഗം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ.
അതേസമയം പ്ലാസ്റ്റിക് നിരോധനത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ ബദൽ ഉൽപന്നങ്ങൾ‌ വിപണിയില്‍ കുറവായതിനാൽ വ്യാപാരികളും, ഉപഭോക്താക്കളും ഒരുപോലെ ആശങ്കയിലാണ്. പൂർണ അർത്ഥത്തിൽ നിരോധനം നടപ്പാക്കാൻ കൂടുതൽ ദിവസം വേണ്ടി വന്നേക്കും. 

Post a Comment

0 Comments