LATEST UPDATES

6/recent/ticker-posts

ഫുട്‌ബോൾ മത്സരത്തിനിടെ മുൻ സന്തോഷ് ട്രോഫി താരം ധനരാജ് കുഴഞ്ഞു വീണു മരിച്ചു



മലപ്പുറം: അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ മത്സരത്തിനിടെ പ്രശസ്ത ഫുട്‌ബോൾ താരം ധനരാജ് കുഴഞ്ഞു വീണു മരിച്ചു. മുൻ കേരള സന്തോഷ് ട്രോഫി താരമായ ആർ.ധനരാജ് (40) ആണ് 48 ാമത് ഖാദറലി അഖിലേന്ത്യ ഫുട്‌ബോൾ ‍ടൂര്‍ണമെന്‍റിനിടെ കുഴഞ്ഞു വീണ് മരിച്ചത്.

ഞായറാഴ്‌ച രാത്രിയാണ് മത്സരം നടന്നത്. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ധനരാജ് എഫ്‌സി പെരിന്തൽമണ്ണക്ക് വേണ്ടിയാണ് മത്സരത്തിനിറങ്ങിയത്. ഞായറാഴ്ച രാത്രി പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാറായപ്പോൾ നെഞ്ചു വേദന അനുഭവപ്പെടുന്നതായി ധനരാജ് റഫറിയോട് പറഞ്ഞു. 

അസ്വസ്ഥത തോന്നുന്നതായി പറഞ്ഞ ഉടനെ തന്നെ ധനരാജ് ഗ്രൗണ്ടിൽ കുഴഞ്ഞു വീണു. മത്സര ഗ്രൗണ്ടിൽ തന്നെയുണ്ടായിരുന്ന മെഡിക്കൽ സംഘം ഉടൻ തന്നെ ധനരാജിനെ സമീപത്തുള്ള മൗലാന ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അര മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായാണ് റിപ്പോർട്ട്.

ഈസ്റ് ബംഗാൾ, മോഹൻബഗാൻ, മുഹമ്മദൻസ്, വിവ കേരള എന്നീ ടീമുകൾക്ക് വേണ്ടി ധനരാജ് കളിച്ചിട്ടുണ്ട്. 2014ൽ നടന്ന ഫെഡറേഷൻ കപ്പിൽ മുഹമ്മദൻസ് ക്യാപ്റ്റനായിരുന്നു ധനരാജ്. പാലക്കാട് മലമ്പുഴ ടാലന്റ് ഫുട്‍ബോൾ അക്കാദമിയിലെ പരിശീലകനായി പ്രവർത്തിച്ചു വരികയായിരുന്നു ധനരാജ്. അർച്ചനയാണ് ധനരാജിന്റെ ഭാര്യ. ശിവാനിയാണ് മകൾ. 

Post a Comment

0 Comments