കാസര്‍കോട്-തിരുവനന്തപുരം സ്പീഡ് റെയില്‍ പദ്ധതി; സര്‍വേ തുടങ്ങി

കാസര്‍കോട്-തിരുവനന്തപുരം സ്പീഡ് റെയില്‍ പദ്ധതി; സര്‍വേ തുടങ്ങി


 
കാസര്‍കോട്: സംസ്ഥാനത്തെ സ്പീഡ് റെയില്‍ പദ്ധതിയുടെ അന്തിമ അലൈന്‍മെന്റ് നിശ്ചയിക്കാനുള്ള ലിഡാര്‍ സര്‍വേക്ക് കാസര്‍കോട്ട് ആരംഭിച്ചു.  നാലുപേര്‍ക്കു യാത്ര ചെയ്യാവുന്ന പാര്‍ടനാവിയ പി68 എന്ന ചെറു വിമാനം ഉപയോഗിച്ചാണ് സര്‍വ്വേ നടത്തുന്നത്. വിമാനം ജനുവരി 6വരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യാനും ഇന്ധനം നിറയ്ക്കാനും അനുമതി തേടിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ എന്ന സ്ഥാപനത്തിനാണ് സര്‍വേ ചുമതല. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എ ടി സി) നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് വിമാനം പറക്കുന്നത്. കാലാവസ്ഥ അനൂകൂലമെങ്കില്‍ ആറു ദിവസത്തിനകം സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കേരള റെയില്‍വേ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ വ്യക്തമാക്കി. നാലു മണിക്കൂറുകൊണ്ട് കാസര്‍കോട്ടുനിന്ന് 532 കിലോമീറ്റര്‍ പിന്നിട്ടു തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് സ്പീഡ് റെയില്‍ (സില്‍വര്‍ ലൈന്‍) നിര്‍മിക്കുന്നത്. പദ്ധതിക്ക് രണ്ടാഴ്ച മുമ്പ് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. 56,000 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച കേരള റെയില്‍ വികസന കോര്‍പറേഷനാണ് നടപ്പാക്കുന്നത്. പാത കടന്നുപോകുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള പൂര്‍ണമായ വിവരശേഖരണം സാറ്റലൈറ്റ് സര്‍വേയിലൂടെ സാധിക്കില്ല. മരങ്ങളും മറ്റു തടസ്സങ്ങളുമെല്ലാം മറികടന്നു കൃത്യമായി അലൈന്‍മെന്റ് തയാറാക്കാന്‍ ലേസര്‍ ഉപയോഗിച്ചു നടത്തുന്ന ലിഡാര്‍ സര്‍വേ സഹായിക്കും. ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ് എന്നാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും രണ്ട് സ്റ്റോപ്പുകള്‍ക്ക് ഇടയില്‍ മൂന്ന് ഫീഡര്‍ സ്റ്റേഷനുകള്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരം സ്റ്റേഷനുകള്‍ എവിടെയെല്ലാം വേണമെന്നതു തീരുമാനിക്കുന്നതിനുള്ള ട്രാഫിക് സര്‍വേ തെക്കന്‍ കേരളത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്.

Post a Comment

0 Comments