
കാസർകോട്: പുതുവര്‍ഷത്തില്‍ കാസര്‍കോടിന് സമ്മാനമായി ലഭിക്കുന്ന ടെന്നീസ് കോര്‍ട്ട് ജനുവരി 31നകം പ്രവര്‍ത്തന സജ്ജമാവും. കോര്‍ട്ടിന്റെ ശിലാസ്ഥാപനം നായന്മാർമൂല മാസ്റ്റർ അബ്ദുല്ല മെമ്മോറിയൽ മിനി സ്റ്റേഡിയത്തിന് സമീപം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു നിര്‍വഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം അധ്യക്ഷത വഹിച്ചു. കഴിവുണ്ടായിട്ടും ഭൗതിക സാഹചര്യങ്ങളുടെ അഭാവം മൂലം അവസരം ലഭിക്കാതെ പോകുന്ന നിരവധി കായിക പ്രതിഭകൾ ജില്ലയിലുണ്ടെന്നും ഇത്തരം കായിക സംരംഭങ്ങൾ കായിക മേഖലയ്ക്ക് പ്രോത്സാഹനമാവുമെന്നും കളക്ടർ പറഞ്ഞു. യുവജനതയുടെ കായികോർജ്ജത്തെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നത് സാമൂഹിക പുരോഗതിക്കും സഹായകമാകും. ജില്ലയുടെ കായിക മേഖലയുടെ സമഗ്ര പുരോഗതിക്ക് വിവിധ പദ്ധതികളാണ് വിവിധ വകുപ്പുകളുടെ പിന്തുണയോടെ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന് കീഴിലുള്ള 40 സെന്റോളം വരുന്ന ഭൂമിയിൽ ഗെയിലില്‍ നിന്നും ലഭ്യമാക്കിയ അഞ്ചു ലക്ഷം രൂപയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചാണ് കോര്‍ട്ട് നിര്‍മ്മിക്കുന്നത്. ടെന്നീസ് കോർട്ടിന് സമീപത്തു ഡ്രസിങ് റൂമും ശൗചാലയവും ഉണ്ടാവും. കോർട്ടിന് ചുറ്റും മൂന്ന് മീറ്റർ ഉയരത്തിൽ കമ്പി വേലിയും നിർമിക്കും.
ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കണ്‍വീനറുമായ മോണിറ്ററിങ് കമ്മിറ്റിയായിരിക്കും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. ജില്ലാ ടെന്നീസ് അസോസിയേഷനാണ് കോര്‍ട്ടിന്റെ സംരക്ഷണച്ചുമതല നല്‍കിയിട്ടുള്ളത്. 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രാവിലെയും വൈകുന്നേരവും ഒരു മണിക്കൂര്‍ വീതം സൗജന്യ പരിശീലനം നല്‍കും. നിര്‍ധനരായ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. പൊതുജനങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് ഇനത്തില്‍ നിശ്ചിത ഇത് ഫീസ് ഈടാക്കിയായിരിക്കും കളിക്കളത്തിലേക്ക് പ്രവേശനം നല്‍കുക. ഹുസൂർ ശിരസ്തദാർ കെ നാരായണൻ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ അഹമ്മദ് ഹാജി, പഞ്ചായത്ത് അംഗം എൻ എ മുഹമ്മദ് താഹിർ കേരള സ്പോർട്സ് കൗൺസിൽ പ്രതിനിധി ടി വി ബാലൻ, ഗെയിൽ സീനിയർ മാനേജർ ആന്റണി ഡിക്രൂസ്, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ പള്ളം നാരായണൻ, അനിൽ ബങ്കളം, കൗണ്‍സില്‍ സെക്രട്ടറി ഡോ. ഇ നസീമൂദ്ദീന്‍, എൻ എ അബൂബക്കർ ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments