തിരുവനന്തപുരം :റേഷന്‍ കാര്‍ഡില്ലാത്ത പാവപ്പെട്ടവര്‍ക്കെല്ലാം കാര്‍ഡ് നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവര്‍ഷത്തെ പ്രധാന ചുമതലയായി ഇത് ഏറ്റെടുക്കും. എവിടെ താമസിക്കുന്നു എന്നതല്ല, ഇവിടെ ജീവിക്കുന്നു എന്നത് കണക്കിലെടുത്താണ് റേഷന്‍ കാര്‍ഡ് നല്‍കുക. വീട് ഇല്ലാത്തവര്‍ക്കും വീടിന് നമ്പര്‍ ഇല്ലാത്തവര്‍ക്കും കാര്‍ഡ് ലഭിക്കും.
സാങ്കേതികമായ ഒരു തടസ്സവും ഇതിനെ ബാധിക്കുകയില്ലെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്നുണ്ടെങ്കിലും വീടിന് പെര്‍മിറ്റ് ലഭിച്ചിട്ടില്ല എന്നത് ഉള്‍പ്പടെ സാങ്കേതികകാരണങ്ങളാല്‍ റേഷന്‍കാര്‍ഡ് നിഷേധിക്കപ്പെട്ടവരുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും.
സംസ്ഥാനത്ത് പലയിടത്തും റോഡുകള്‍ തകര്‍ന്നുകിടക്കുകയാണ്. അഞ്ചുമാസം കൊണ്ടു ഗ്രാമീണ റോഡുകള്‍ ഉള്‍പ്പടെ നല്ലരീതിയിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ബാക്കിവരുന്ന എല്ലാ റോഡുകളുടെ നവീകരണജോലികള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും.
കേരളത്തിലെ എല്ലാ പട്ടണങ്ങളിലും സ്ത്രീ സൗഹൃദ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നഗരസഭകളുടെ നേതൃത്വത്തിലായിരിക്കും ഇതിനുള്ള നടപടികള്‍. യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ പാര്‍പ്പിടസൗകര്യം എല്ലാ പ്രധാന പട്ടണങ്ങളിലും ഒരുക്കും. പിറ്റേന്ന് കാലത്ത് പ്രാതല്‍ ഉള്‍പ്പെടെ അവര്‍ക്ക് ലഭിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക.
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ പദ്ധതി നടപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. 12,000 ശുചിമുറികളാണ് സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കുന്നത്. യാത്രക്കാര്‍ക്ക് വേണ്ടി പൊതുശുചിമുറികളുടെ എണ്ണം സി.എസ്.ആര്‍ ഫണ്ടുകള്‍ കൂടി ഉപയോഗപ്പെടുത്തി വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്.
യുവതയുടെ നേതൃശേഷി വര്‍ധിപ്പിക്കുന്നതിനായി യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കാന്‍ തീരുമാനിച്ചതായും, വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട് ടൈം ജോലി സാധ്യതകള്‍ ഉണ്ടാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാനും തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരാതികള്‍ കെട്ടിക്കിടക്കുന്നത് പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്തുകള്‍ സംഘടിപ്പിക്കും. സംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലമാക്കും. കേന്ദ്ര വ്യവസായ സംരക്ഷണ സേനയ്ക്ക് നല്‍കുന്നതിനു തുല്യമായ പരിശീലനം ഇവര്‍ക്കു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
0 Comments