പള്‍സ് പോളിയോ തിരിച്ച് വരുന്നു: ജനുവരി 19 ന് കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കും; ജില്ലയില്‍ 1496 പോളിയോ ബൂത്തുകള്‍ സജ്ജീകരിച്ചു

പള്‍സ് പോളിയോ തിരിച്ച് വരുന്നു: ജനുവരി 19 ന് കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കും; ജില്ലയില്‍ 1496 പോളിയോ ബൂത്തുകള്‍ സജ്ജീകരിച്ചു




കാസർകോട്: പള്‍സ് പോളിയോ പ്രതിരോധ പരിപാടി തിരിച്ചെത്തുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ജനുവരി 19 ന് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം നടത്തും. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആണ് തുള്ളിമരുന്ന് നല്‍കുക. ജില്ലയില്‍ 116170  തദ്ദേശവാസികളായ കുട്ടികള്‍ക്കും ,1013 അതിഥി സംസഥാനത്തൊഴിലാളികളുടെ  കുട്ടികള്‍ക്കും ആയി 1496  പോളിയോ ബൂത്തുകള്‍ ആണ്   സജ്ജീകരിച്ചിട്ടുള്ളത്.
  അങ്കണ്‍വാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ്സ്റ്റാന്റുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍, ഉത്സവങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി കുട്ടികള്‍ വരാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ചാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന്  വിതരണം നടത്തുന്നത്. രാവിലെ എട്ടു മുതല്‍  വൈകിട്ട് അഞ്ചു വരെയാണ് തുളിമരുന്ന്  വിതരണം.
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലുള്ള അഞ്ചില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും തുള്ളി മരുന്ന് നല്‍കുന്നതിന് മൊബെല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും.  ഏതെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ദിനത്തില്‍  തുള്ളി മരുന്ന് ലഭിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍  അവരെ കണ്ടെത്തി വളണ്ടയിര്‍മാര്‍ വീടുകളില്‍ ചെന്ന് പോളിയോ തുള്ളി മരുന്ന് നല്‍കും. അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പോളിയോ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതിനാലും ചില സംസ്ഥാനങ്ങളില്‍ പോളിയോ പ്രതിരോധങ്ങള്‍ ഫലപ്രദമല്ലെന്ന്  ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിനാലുമാണ് രാജ്യത്ത്  വീണ്ടും പള്‍സ് പോളിയോ പ്രതിരോധ പരിപാടി ആരംഭിച്ചത്.
പോളിയോ  പ്രതിരോധ തുള്ളിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഡിഎം എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ എഡിഎമ്മിന്റെ ചേംബറില്‍ യോഗം ചേര്‍ന്നു. ആര്‍. സി എച്ച്  ഓഫീസര്‍ ഡോ മുരളീധര നെല്ലൂരായ, ജൂനിയര്‍ അഡ്മിനിട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍  ഡോ ആരതി രജ്ഞിത്ത്,കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍,   ഹോമിയോ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ബി അമ്പിളി,   കാസറഗോഡ് ഗവ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ടി കെ വിജയകുമാര്‍,ഡെപ്യൂട്ടി ഡിസ്ട്രിക് മാസ്മീഡിയ ഓഫീസര്‍ എസ് സയന,വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ സി ഭാനുമതി, ഡോ എം ജിതേന്ദ്ര റായ്, കെ  എസ്  ഇ ബി  പ്രതിനിധി രാധാകൃഷ്ണ്‍ നായര്‍,വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍  യോഗത്തില്‍ സംബന്ധിച്ചു.

പോളിയോ രോഗവും ലക്ഷണങ്ങളും 

കുട്ടികളുടെ നാഡീ വ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ.പനി, ഛര്‍ദ്ദി, വയറിളക്കം, പേശി വേദന എന്നിവയാണ് പോളിയോ രോഗലക്ഷണങ്ങള്‍ രോഗബാധയുണ്ടായാല്‍ ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗം തളര്‍ന്നു പോകാന്‍ സധ്യതയുണ്ട്. പ്രത്യേകിച്ച് കൈകാലുകള്‍ക്കാണ് അംഗവൈകല്യം ബാധിക്കുന്നത്. 2000 ല്‍ മലപ്പുറത്താണ് കേരളത്തില്‍ അവസാനമായി പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തത് 2014 ല്‍ ലോകാരോഗ്യ സംഘടന ഇന്ത്യ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചു.

Post a Comment

0 Comments