മുത്തലിബ് വധക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാത്ത പ്രതിക്കെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

മുത്തലിബ് വധക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാത്ത പ്രതിക്കെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്



കാസര്‍കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (38) വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണക്ക് ശേഷമുള്ള ചോദ്യം ചെയ്യലിന് ഹാജരാകാത്ത പ്രതിക്കെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്ന പ്രതി കൊടിബയലിലെ മന്‍സൂര്‍ അഹമ്മദിനെതിരെയാണ്  ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മുത്തലിബ് വധക്കേസിലെ ഒന്നാം പ്രതിയായ ഉപ്പളയിലെ മുഹമ്മദ് റഫീഖ് എന്ന കാലിയ റഫീഖ് കൊല്ലപ്പെട്ടതിനാല്‍ മറ്റ് പ്രതികളായ ഉപ്പള ഹിദായത്ത് നഗറിലെ ഷംസുദ്ദീന്‍, മുളിഞ്ച സ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് റഫീഖ്, കൊടിബയലിലെ മന്‍സൂര്‍ അഹമ്മദ്, കര്‍ണാടക ഷിമോഗയിലെ സയ്യിദ് ആസിഫ്, പൈവളിെഗയിലെ മുഹമ്മദ് അന്‍സാര്‍ എന്നിവരെയാണ് വിചാരണക്ക് വിധേയരാക്കിയത്. വിചാരണ പൂര്‍ത്തിയായതോടെ പ്രതികളെ അന്തിമമായി ചോദ്യം ചെയ്യുന്ന നടപടിക്രമങ്ങളിലേക്ക് കോടതി കടക്കുകയായിരുന്നു. എന്നാല്‍ മന്‍സൂര്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തത് തുടര്‍ നടപടികളെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായതിനാല്‍ മന്‍സൂര്‍ കോടതിയില്‍ ഹാജരായാല്‍ മാത്രമേ നടപടികള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുകയുള്ളൂ. ഒളിവില്‍ കഴിയുന്ന മന്‍സൂറിനെ പിടികൂടാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Post a Comment

0 Comments