
ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് തീസ് ഹസാരി കോടതി നാളത്തേക്ക് മാറ്റി. ഇതേ സമയം ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി ഡല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.
”ജമാ മസ്ജിദ് പാകിസ്ഥാനാണെന്ന മട്ടിലാണ് നിങ്ങള്‍ പെരുമാറുന്നത്. പാകിസ്ഥാനാണെങ്കിലും നിങ്ങള്‍ക്ക് അവിടെ പോയി പ്രതിഷേധിക്കാം. പാകിസ്ഥാന്‍ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു”- ജഡ്ജ് കാമിനി ലോ പ്രോസിക്യൂട്ടറോട് ചോദിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്ന് ജഡ്ജി ആവര്‍ത്തിച്ചു. മുന്‍കൂര്‍ അനുമതിയോടെ മാത്രമേ പൗരന്മാര്‍ക്ക് പ്രതിഷേധിക്കാന്‍ സാധിക്കൂ എന്ന് പ്രോസിക്യൂട്ടര്‍ പരാമര്‍ശിച്ചപ്പോള്‍ നിരന്തരം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സെക്ഷന്‍ 144ന്റെ ദുരുപയോഗമാണെന്ന് സുപ്രീം കോടതി പലകുറി പറഞ്ഞിട്ടുണ്ടെന്ന് ജഡ്ജി ലോ പറഞ്ഞു.
ഡിസംബര്‍ 21-നാണ് ഭീം ആര്‍മി തലവനെ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ആസാദിന്റെ സംഘടനയായ ഭീം ആര്‍മി പൊലീസിന്റെ അനുമതിയില്ലാതെ ജമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്തിയെന്നാണ് ആസാദിന് നേരെ ചുമത്തിയിരിക്കുന്ന ഒരു കുറ്റം.
0 Comments