കാസര്‍കോട്: മിയാപദവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക രൂപശ്രീയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതേ സ്‌കൂളിലെ ഒരു അധ്യാപകനെ വീണ്ടും ചോദ്യം ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്നെത്തിയ അധ്യാപകനെ മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. അധ്യാപികയുടെ മരണത്തില്‍ ഒട്ടേറെ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ഇത് പൊലീസിനെ കുഴക്കുകയാണ്്. ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളില്‍ ഒന്ന് രൂപശ്രീയെ കാണാതായ ദിവസം വൈകിട്ട് മുതല്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. മറ്റൊന്ന് മിയാപദവ് ബേരിക്ക ഭാഗത്തെ ടവര്‍ ലൊക്കേഷനാണ് കാട്ടുന്നത്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. മുടി കൊഴിഞ്ഞ നിലയിലും പൂര്‍ണ്ണമായ നഗ്നമായ നിലയിലുമായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ഇത് കൊലയാണെന്ന സംശയത്തിലേക്ക് വഴിവെച്ചിരിക്കുകയാണ്. രൂപശ്രീയുടെ ഫോണിലേക്ക് അവസാനമായി വിളിച്ചത് അധ്യാപകനാണെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് അധ്യാപകനെ ചോദ്യം ചെയ്തത്. ഈ അധ്യാപകനും രൂപശ്രീയും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഈ അധ്യാപകനാണെന്ന് രൂപശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. രൂപശ്രീ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമൊന്നുമില്ലെന്നാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമൊക്കെ പൊലീസിനോട് പറഞ്ഞത്. മരണ കാരണം കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
0 Comments