ആരോഗ്യമേഖലയില്‍ കേരളം സൃഷ്ടിച്ച മാതൃകയെ ലോകം ഉറ്റുനോക്കുന്നു-മുഖ്യമന്ത്രി
Wednesday, January 29, 2020
കുമ്പള: കേരളത്തിലെ ആരോഗ്യ മേഖലയിലുണ്ടായ മുന്നേറ്റവും പുരോഗതിയും ഇതര സംസ്ഥാനങ്ങളും മറ്റു രാഷ്ട്രങ്ങളും ഉറ്റുനോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ അത്യാധുനിക സൗകര്യങ്ങളോടെ മികച്ച സേവനങ്ങളാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുമ്പളസഹകരണാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കുമ്പള സഹകരണാശുപത്രി എല്ലാ വിദഗ്ധ ചികിത്സകളും ലഭിക്കുന്ന വലിയൊരു ആശുപത്രിയായി മാറിയിരിക്കുകയാണെന്നും ഇത് നാട്ടുകാരുടെ സ്വന്തം ആശുപത്രിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലൊക്കെ ആധുനിക സംവിധാനങ്ങളോടെ മികച്ച രീതിയിലുള്ള ചികിത്സകളാണ്് നല്‍കിവരുന്നത്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതലായി ആശുപത്രികള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡണ്ട് എ ചന്ദ്രശേഖര സ്വാഗതം പറഞ്ഞു. ഡി എന്‍ രാധാകൃഷ്ണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായിരുന്നു. മുന്‍ എം പി പി കരുണാകരന്‍, എം സി ഖമറുദ്ദീന്‍ എം എല്‍ എ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, മുന്‍ എം എല്‍ എ സി എച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments