പവൻ ജല്ലാദ് തിഹാർ ജയിലിലെത്തി; കൊലക്കയറും തൂക്കുമരവും പരിശോധിച്ചു!

പവൻ ജല്ലാദ് തിഹാർ ജയിലിലെത്തി; കൊലക്കയറും തൂക്കുമരവും പരിശോധിച്ചു!



ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുന്നതിനിടെ ആരാച്ചർ പവൻ ജല്ലാദ് ജയിലിൽ എത്തിയതായി റിപ്പോർട്ട്. വധശിക്ഷ നടപ്പാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ അദ്ദേഹം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചതായാണ് വിവരം.
വധശിക്ഷ നടപ്പാക്കുന്ന ചേമ്പറിലെ സൗകര്യങ്ങൾ പരിശോധിച്ച ആരാച്ചാർ കയറുകളുടെയും തൂക്കുമരങ്ങളുടെയും ബലം പരിശോധിച്ച് ഉറപ്പ് വരുത്തി. ഡമ്മികൾ ഉപയോഗിച്ച് പരിശോധന നടത്തിയതായും റിപ്പോർട്ടുണ്ട്. ജയിലിലെ സൗകര്യങ്ങളും അനുബന്ധ നടപടി ക്രമങ്ങളും പവൻ ജല്ലാദ് പരിശോധിച്ച് ഉറപ്പ് വരുത്തി. വിശദമായ റിപ്പോർട്ടാണ് അദ്ദേഹം നൽകിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
എന്നാൽ ഫെബ്രുവരി ഒന്നാം തിയതി നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള സാധ്യത കുറവാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതികൾ കോടതിയെ സമീപിച്ചതാണ് അവധശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കുന്നത്. പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് വ്യാഴാഴ്‌ച രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനം വന്നശേഷം 14 ദിവസത്തിന് ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. ഈ സാഹചര്യത്തിൽ പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് വൈകുമെന്നാണ് പുറത്തുവരുന്ന സൂചന.
മുകേഷ് കുമാർ സിങ്, വിനയ് കുമാർ, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്‌ത എന്നിവരാണ് ശിക്ഷ കാത്ത് കഴിയുന്നത്. ഇവരിൽ മുകേഷ് കുമാർ സിങ് എല്ലാവിധ നിയമസഹായങ്ങളും തേടിയിരുന്നു. അക്ഷയ് കുമാർ സിങ് നൽകിയ ഹർജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ, പവൻ ഗുപ്‌ത ഇതുവരെ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല. 

Post a Comment

0 Comments