എസ്.ഡി.പി.ഐ പരാമര്‍ശം: മുഖ്യമന്ത്രി നാടകം കളിക്കുന്നുവെന്ന വിമര്‍ശനവുമായി സമസ്ത നേതാവ്
Tuesday, February 04, 2020
കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരത്തിനെതിരെയുള്ള പൊലീസ് കേസിനെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ സമസ്ത നേതാവ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി. പോലീസ് കേസെടുത്തത് എസ്.ഡി.പി.ഐക്കാര്‍ക്കെതിരെ മാത്രമല്ലെന്നും എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ക്കെതിരെയുമുണ്ടെന്നും ഫൈസി ഫേസ്ബുക്കില്‍ കുറിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന കാണുമ്പോള്‍ നാടകമേ ഉലകമെന്ന് ജനം കരുതുമെന്നും വസ്തുത അറിയാതെയായിരിക്കില്ല മുഖ്യമന്ത്രിയുടെ അഭിനയമെന്നും ഫൈസി വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം തൃശൂരില്‍ പൗരത്വ നിയമത്തിനെതിരെ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ സമസ്തക്ക് കടുത്ത അതൃപ്തിയുമുണ്ട്. പൗരത്വ നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് മുസ്ലിം ലീഗ് വിലക്ക് പോലും മറികടന്ന് സമസ്ത പിന്തുണ പ്രഖ്യാപിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. സമരത്തോട് കോണ്‍ഗ്രസ് മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്ന് സമസ്ത പലതവണ വിമര്‍ശിക്കുകയും ചെയ്തു.പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് സമസ്തയുടെ രാഷ്ട്രീയ നിലപാട് പോലും മാറിയെന്ന വിലയിരുത്തലുണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് രംഗത്തെത്തുന്നത്.
സര്‍ക്കാറിനെ പിന്തുണക്കുമ്പോഴും പൊലീസ് നിലപാടിനെതിരെ സമസ്ത നേരത്തെയും വിമര്‍ശനമുന്നയിച്ചിരുന്നു.സംസ്ഥാനത്ത് മഹല്ല് കമ്മിറ്റികളുടെ കീഴില്‍ സമാധാനപരമായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെന്നും അവിടെ എസ്.ഡി.പി.ഐ പോലുള്ള സംഘടനകള്‍ നുഴഞ്ഞ് കയറി പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നുമാണ് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ അങ്ങനെയല്ലെന്നും എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ക്കെതിരെയും കേസുണ്ടെന്നും വ്യക്തമാക്കി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നത് പുതിയ സാഹചര്യത്തില്‍ മുസ്ലിം ലീഗിനും പ്രതിപക്ഷത്തിനും ആശ്വാസമാണ്.
0 Comments