കൊറോണ; ഒരുവിദ്യാര്‍ഥിനിയെ കൂടി ഐസോലേഷന്‍ മുറിയിലേക്ക് മാറ്റി; നൂറോളം പേര്‍ നിരീക്ഷണത്തില്‍
Wednesday, February 05, 2020
കാഞ്ഞങ്ങാട്: കൊറോണ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ ഒരു വിദ്യാര്‍ഥിനിയെ കൂടി ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ മുറിയിലേക്ക് മാറ്റി. ചൈനയില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുമായി ഇടപഴകിയിരുന്ന ബംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെയാണ് ഐസോലേഷന്‍ മുറിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ഥിനി നിരീക്ഷണത്തിലാണ്. ചൈനയില്‍ നിന്ന് മടങ്ങിവന്ന രണ്ട് പെണ്‍കുട്ടികളെ ചൊവ്വാഴ്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും ചൈനയിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. കാര്യമായ ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഒരാളെ ചൊവ്വാഴ്ച ആശുപത്രിയില്‍ നിന്ന് വിട്ടതായിരുന്നു. എങ്കിലും ആശങ്കമാറാത്ത സാഹചര്യത്തിലാണ് ആശുപത്രി അധികൃതര്‍ വീണ്ടും വിളിച്ചുവരുത്തിയത്. രണ്ടുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലുള്ള വിദ്യാര്‍ഥിയുടെ നില തൃപ്തികരമായി തുടരുകയാണ്. ഈ വിദ്യാര്‍ഥിയുടെ ആരോഗ്യനില നിരീക്ഷിക്കാന്‍ ആരോഗ്യവിദഗ്ധരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ജില്ലയില്‍ നൂറോളം പേരാണ് നിരീക്ഷണത്തിലുള്ളത്. ആകെ 16 പേരുടെ രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നു.
0 Comments