6.21 കോടി രൂപയുടെ തങ്കക്കട്ടികള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു; അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്
Friday, February 07, 2020
കാഞ്ഞങ്ങാട്; ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കരയില്‍ നിന്ന് 6.21 കോടി രൂപയുടെ തങ്കക്കട്ടികള്‍ പിടികൂടിയ സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു.അന്വേഷണം ശക്തമാക്കുന്നതിനായി ഉയര്‍ന്ന ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി കസ്റ്റംസ് സ്‌ക്വാഡ് വിപുലീകരിച്ചു. കസ്റ്റംസിന്റെ പ്രത്യേക അന്വേഷണസംഘം ഉടന്‍ മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് പോകുമെന്നാണ് വിവരം. ദുബൈയും മുംബൈയും കേന്ദ്രീകരിച്ചുള്ള വന്‍കിടസംഘം തന്നെ തങ്കക്കട്ടികളും സ്വര്‍ണവും കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്കും തിരിച്ചും കടത്തുന്നതിന് പിന്നിലുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. കോഴിക്കോട്ടെ കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് തങ്കക്കട്ടികള്‍ കടത്താനായി മഹാരാഷ്ട്ര സ്വദേശികളെ ഏല്‍പ്പിച്ചതെന്നും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലും അന്വേഷണം നടക്കുകയാണ്. പള്ളിക്കര പാലത്തിലെ ടോള്‍ ബൂത്തിന് സമീപത്തുനിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാറിലെ രഹസ്യ അറകളില്‍ സൂക്ഷിച്ച് കടത്തുകയായിരുന്ന തങ്കക്കട്ടികള്‍ പിടികൂടിയത്. മഹാരാഷ്ട്ര സാംഗ്ലി കടപ്പാടി സ്വദേശികളായ കേതന്‍സര്‍വേശ്(29), ആകാശ് ലക്ഷ്മണ്‍ കദം എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കൊച്ചിയിലെ പ്രത്യേക കോടതി 22 വരെ റിമാന്‍ഡ് ചെയ്തു.
0 Comments