ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ സുഷിരം അടഞ്ഞു

LATEST UPDATES

6/recent/ticker-posts

ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ സുഷിരം അടഞ്ഞു



പ്രകൃതിയിലുണ്ടാവുന്ന വെല്ലുവിളികള്‍ സ്വയം മറികടക്കാനുള്ള ശേഷിയുണ്ട് പ്രകൃതിക്ക്. ഓസോണ്‍ പാളിയില്‍ ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ സുഷിരം കഴിഞ്ഞ മാസത്തിലാണ് ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പെട്ടത്. ഇപ്പോഴിതാ പത്ത് ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയുണ്ടായിരുന്ന ആ സുഷിരം അടഞ്ഞിരിക്കുന്നുവെന്ന ശുഭവാര്‍ത്തയും വന്നിരിക്കുന്നു.

സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാ വൈലറ്റ് രശ്മികള്‍ അടക്കമുള്ള അപകടകരമായ സൂര്യരശ്മികളെ ഭൂമിയിലെത്തിക്കാതെ തടഞ്ഞു നിര്‍ത്തുന്നത് ഓസോണ്‍ പാളികളാണ്. ഓസോണ്‍ പോളിയിലുണ്ടാകുന്ന വിള്ളലുകള്‍ മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങള്‍ക്ക് ഭീഷണിയാകുന്നവയാണ്. അള്‍ട്രാവൈലറ്റ് രശ്മികള്‍ തുടര്‍ച്ചയായി കൊണ്ടാല്‍ മനുഷ്യരില്‍ ചര്‍മ്മ അര്‍ബുദത്തിന് വരെ കാരണമാകുമെന്ന മുന്നറിയിപ്പുകളുമുണ്ട്. ഉത്തരാര്‍ധഗോളത്തിന് മുകളിലായി കാണപ്പെട്ട ഓസോണ്‍ സുഷിരം തെക്കുഭാഗത്തേക്ക് നീങ്ങി കൂടുതല്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളുടെ മുകളിലെത്തിയാല്‍ അപകട സാധ്യതകള്‍ കൂടുതലായിരുന്നു.

ശാസ്ത്രജ്ഞരുടെ ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് ഓസോണ്‍ പാളിയിലെ സുഷിരം താനേ അപ്രത്യക്ഷമായിരിക്കുകയാണ്. ഇതിന് കോവിഡ് 19നോ തുടര്‍ന്ന് അന്തരീക്ഷ മലിനീകരണത്തില്‍ അടക്കമുണ്ടാ കുറവിനോ ബന്ധമില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഉത്തരാര്‍ധഗോളത്തിലെ താപനില വലിയ തോതില്‍ കുറഞ്ഞതാണ് ഓസോണ്‍ പാളിയില്‍ സുഷിരങ്ങളുണ്ടാക്കിയതെന്നാണ് നിഗമനം.

ഭൂമിയുടെ അന്തരീക്ഷത്തെക്കുറിച്ച് നിരന്തരം നിരീക്ഷിക്കുന്ന കോപര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിറ്ററിംങ് സര്‍വീസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ അന്തരീക്ഷ നിരീക്ഷണ സംവിധാനമായ കോപര്‍നിക്കസ് തന്നെ ഓസോണ്‍ പാളിയിലുണ്ടായ വിള്ളല്‍ പരിഹരിക്കപ്പെട്ടുവന്നെ വിവരം വീഡിയോ സഹിതം പുറത്തുവിട്ടു.

ഇക്കുറി ധ്രുവപ്രദേശങ്ങളിലെ ചുഴലികള്‍ അതി ശക്തമായിരുന്നുവെന്നും സാധാരണയിലും തണുത്ത കാറ്റും ഇതിലുണ്ടായിരുന്നുവെന്നും കോപര്‍നിക്കസ് ECMWF സൂചിപ്പിക്കുന്നു. അതോടെ ഓസോണ്‍ പാളി നിശ്ചിത പ്രദേശങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതോടെയാണ് സുഷിരം രൂപപ്പെട്ടത്. ഇപ്പോള്‍ ധ്രുവപ്രദേശങ്ങളിലെ ചുഴലി ശക്തികുറഞ്ഞിരിക്കുകയാണ് ഇതോടെ ഓസോണ്‍ പാളി പഴയ നിലയിലെത്തിയെന്നും യൂറോപ്യന്‍ യൂണിയന്റെ കോപര്‍നികസ് പറയുന്നു.