തിരുവനന്തപുരം∙ ഇന്ന് സംസ്ഥാനത്ത് 26 പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. 3 പേർക്ക് നെഗറ്റീവായി. കാസർകോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് - മൂന്ന്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളിൽ ഒരോരുത്തർ എന്നിങ്ങനെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരിൽ 14 പേർ പുറത്തുനിന്നുവന്നവരാണ്. ഇവരിൽ 7 പേർ വിദേശത്തു നിന്നു വന്നവരാണ്. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു 1 എന്നിവിടങ്ങിൽ നിന്നു വന്നവരാണ് മറ്റുള്ളവർ. 11 പേർക്ക് സംമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. കോവിഡ് നെഗറ്റീവ് ആയവരിൽ രണ്ടുപേർ കൊല്ലത്തുനിന്നുള്ളവരാണ്. ഒരാൾ കണ്ണൂരിൽനിന്നുള്ളയാളും, വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
കാസർകോട് രോഗം സ്ഥിരീകരിച്ച 2 പേർ ആരോഗ്യപ്രവർത്തകരാണ്. വയനാട്ടിൽ ഒരു പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു, 36,910 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 36,266 പേർ വീടുകളിലും 568 പേർ ആശുപത്രിയിലുമാണുള്ളത്. കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 560 പേർക്കാണ്. ഇതിൽ 64 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. വാക്സിന്റെ അഭാവത്തിൽ എച്ച്ഐവിയെപ്പോലെ തന്നെ ലോകത്ത് നിലനിൽക്കുമെന്നും പറയുന്നു.
നാം ജീവിതശൈലി മാറ്റേണ്ടതായുണ്ട്. മാസ്കിന്റെ ഉപയോഗം ജീവിതത്തിന്റെ ഭാഗമാക്കണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിച്ചുവേണം കാര്യങ്ങൾ നടത്തേണ്ടത്. റസ്റ്ററന്റുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിൽ ഉപയോഗ സമയം അനുസരിച്ച് ടൈം സ്ലോട്ട് ക്രമീകരിക്കേണ്ടി വരും.
0 Comments