വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2026


പോക്‌സോ കേസ് പ്രതിയുടെ മൂത്ത സഹോദരനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ബേക്കല്‍ പൊലീസ് പ്രിന്‍സിപ്പല്‍ എസ്‌ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ കെപി ശരത്ത്, ശൂരനാട് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആര്‍ ശ്രീകുമാര്‍, ശാസ്താംകോട്ട സ്റ്റേഷനിലെ സിപിഒ വിപിന്‍ കുമാര്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മെയ് 29 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പോക്‌സോ കേസില്‍ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചാണ് ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാര്‍ അടൂരിലെത്തിയത്. അനിയനെ കണ്ടെത്താനെന്ന പേരില്‍ ചേട്ടനെ സ്വകാര്യകാറില്‍ കയറ്റികൊണ്ടുപോയി. പലസ്ഥലങ്ങളിലായുള്ള യാത്രയ്ക്കിടെ ജനനേന്ദ്രിയം ഉള്‍പ്പെടെ ഇടിച്ചുതകര്‍ത്തെന്നായിരുന്നു പരാതി. അന്വേഷണത്തില്‍ പൊലീസ് വീഴ്ച കണ്ടെത്തി. പൊലീസുകാര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് പത്തനംതിട്ട എസ്പി ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ആസ്ഥാനത്തെ ഐജി ഹര്‍ഷിത അട്ടല്ലൂരിയാണ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്റ് ചെയ്യപ്പെട്ട എസ്‌ഐയ്ക്ക് പകരമായി ചിറ്റാരിക്കാല്‍ സ്റ്റേഷനിലെ ശരത്തിനെ ബേക്കലില്‍ നിയമിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ