തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗികള്‍ കൂടിയാല്‍ ഇപ്പോഴുള്ള ശ്രദ്ധ ചികില്‍സയില്‍ നല്‍കാനാകില്ല. പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. തിങ്കൾ മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട, എല്ലാം തുറന്നിടില്ല. ജീവനോപാധികളില്‍ ഇളവുണ്ടാകും. മരണം ഇല്ലാതാക്കുകയാണു മുഖ്യലക്ഷ്യം.
ണ്ടുംകല്‍പിച്ചുള്ള നീക്കം നടത്തില്ല. കേരളത്തിനു പുറത്തുള്ളവരില്‍ അത്യാവശ്യക്കാര്‍ മാത്രമാണ് മടങ്ങേണ്ടത്. എല്ലാവരുംകൂടി വന്നാല്‍ അവര്‍ക്കും നമുക്കും ബുദ്ധിമുട്ടുണ്ടാകും. അർഹരായവര്‍ ഇനിയും നാട്ടിലെത്താനുണ്ട്. ഘട്ടംഘട്ടമായി കൊണ്ടുവരും. പൊതുഗതാഗതം വേണോയെന്ന് സാഹചര്യം നോക്കി തീരുമാനിക്കും. അന്തര്‍സംസ്ഥാന ഗതാഗതം കേന്ദ്ര മാനദണ്ഡപ്രകാരം മാത്രം അനുവദിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം, സംസ്ഥാനത്തു ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണം ഉണ്ടായേക്കാമെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി. മഴ തുടങ്ങിയതോടെ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാം. പരിശോധന കൂട്ടണമെന്നും ചെറിയ ലക്ഷണങ്ങളുള്ളവരെപ്പോലും പരിശോധിക്കണമെന്നുമാണു വിദഗ്ധാഭിപ്രായം. ഗൾഫിൽനിന്നു വന്ന 7 പേരും ഇതര സംസ്ഥാനങ്ങളിൽനിന്നു വന്ന 6 പേരുമടക്കം 16 പേർക്കുകൂടി വെള്ളിയാഴ്ച കേരളത്തിൽ കോവിഡ് ബാധിച്ചിരുന്നു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 80 ആയി.