വേറിട്ട അനുശോചന പരിപാടി നടത്തിയ ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രവർത്തനം ശ്രദ്ധേയം; ആശയം നടപ്പാക്കിയത് ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്

LATEST UPDATES

6/recent/ticker-posts

വേറിട്ട അനുശോചന പരിപാടി നടത്തിയ ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രവർത്തനം ശ്രദ്ധേയം; ആശയം നടപ്പാക്കിയത് ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്

പെരിയ: കഴിഞ്ഞ ദിവസം മരണപ്പെട്ട മുൻ ഡി.സി.സി പ്രസിഡണ്ടും, മികച്ച സഹകാരിയും മുതിർന്ന നേതാവുമായ പി.ഗംഗാധരൻ നായരുടെ അനുശോചന യോഗം കൊറോണ കാലമായതിനാൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിക്കോ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിക്കോ അനുശോചന യോഗം നടത്താൻ കഴിഞ്ഞില്ല.
      അത്തരം സാഹചര്യത്തിലാണ് ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വ്യത്യസ്ഥമായ രീതിയിൽ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് നേതാക്കളുടെ ശബ്ദ സന്ദേശം ശേഖരിച്ച്  ഗംഗാധരൻ നായരുടെ ശവസംസ്ക്കാരത്തിന് ശേഷം രാത്രി 8 മണിക്ക് ശബ്ദ സന്ദേശ അനുശോചന യോഗം നടത്തി വേറിട്ട പരിപാടിയാക്കി മാറ്റിയത്

   256 പേരടങ്ങുന്ന ജില്ലയിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക- പത്ര ദൃശ്യമാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും രാത്രി 7.30 ന് കൃത്യമായ നിർദ്ദേശങ്ങൾ ഗ്രൂപ്പ് അഡ്മിൻ നൽകി 8 മണി മുതലാണ് ശബ്ദ സന്ദേശ അനുസ്മരണ യോഗം നടത്തിയത്. 3 ദിവസം മാത്രമെ ഈ ഗ്രൂപ്പ് നിലനിൽക്കുകയുള്ളു.

   ഗ്രൂപ്പ് അഡ്മിനും ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ സുകുമാരൻ പൂച്ചക്കാട് സ്വാഗത ഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി.രാജൻ പെരിയ ശബ്ദ സന്ദേശത്തിലൂടെ അധ്യക്ഷത വഹിക്കുകയും ചെയ്തു.

      തുടർന്ന് എ.ഐ. സി.സി. വർക്കിംഗ് കമ്മിറ്റി അംഗം എ.കെ.ആന്റണി ഗംഗാധരൻ നായരുടെ അനുഭവങ്ങൾ പറഞ്ഞ് തുടക്കം കുറിച്ചു.
യൂത്ത് കോൺഗ്രസ്സിന്റെ ആദ്യകാല സംഘടനാ പ്രവർത്തന കാലഘട്ടത്തിൽ എന്നോടൊപ്പം ഓടിനടന്ന സഹപ്രവർത്തകനായിരുന്നു പി.ഗംഗാധരൻ നായർ.
     പ്രവർത്തകന്മാർക്ക് എവിടെയെല്ലാം പ്രയാസമുണ്ടായിട്ടുണ്ടോ, എവിടെയൊക്കെ അക്രമമുണ്ടായിട്ടുണ്ടോ അവിടെയൊക്കെ ഒട്ടും കൂസലില്ലാതെ നട്ട പാതിരായ്ക്കായാലും ഓടിയെത്തി പ്രവർത്തകന്മാരെ ആശ്വസിപ്പിക്കാൻ ഗംഗാധരൻ നായർ കാണിച്ച സാഹസിക പ്രവർത്തനം എന്റെ മനസ്സിൽ ഇന്നും ഓർക്കുന്നുവെന്ന് എ.കെ.ആന്റണി അനുസ്മരിച്ചു.

തുടർന്ന് കെ.പി.സി.സി.പ്രസിഡണ്ട് മുല്ലപള്ളി രാമചന്ദ്രൻ അനുസ്മരിച്ചു.സംഘാടക മികവ് കൊണ്ടും, മികച്ച സഹകാരി എന്ന നിലയിലും ശ്രദ്ധേയനായിരുന്നു പി.ഗംഗാധരൻ നായർ. കോൺഗ്രസ്സ് സീനിയർ നേതാക്കന്മാരുമായും അദ്ദേഹത്തിനുള്ള ആത്മബന്ധം അത് പൂർണ്ണമായിട്ടും കാസർഗോട്ടെ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് സഹായകമാകുന്ന വിധത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കുകയുണ്ടായെന്ന് അദ്ദേഹം കൂട്ടിചേർത്തു.

       മുൻ മുഖ്യമന്ത്രിയും എ.ഐ സി സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ അനുശോചന വീഡിയോ സന്ദേശമായിരുന്നു തുടർന്ന് ഉണ്ടായത്.
     പാർട്ടിയിൽ പല പ്രതിസന്ധികളും ഉണ്ടായപ്പോഴും, രാഷ്ട്രീയ മാറ്റമുണ്ടായപ്പോഴും പൂർണ്ണ മനസോടെ ഒപ്പം നിന്ന വ്യക്തിയാണ് പി.ഗംഗാധരൻ നായർ.അദ്ദേഹത്തിന്റെ സേവനം കാസർഗോഡ് ജില്ലയിലെ കോൺഗ്രസ്സ് പാർട്ടിക്ക് വേരോട്ടമുണ്ടാക്കിയെന്ന് ഉമ്മൻ ചാണ്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തുടർന്ന് കേരള റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ അനുശോചനം രേഖപ്പെടുത്തി.
   സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും കക്ഷിരാഷ്ട്രീയത്തിന് അതീതമായി സൗഹൃദമുണ്ടാക്കിയ നേതാവായിരുന്നു പി.ഗംഗാധരൻ നായരെന്ന് അദ്ദേഹം അനുസ്മരിച്ചു.

 മന്ത്രി കടന്ന പള്ളി രാമചന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. അവിഭക്ത കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായിരിക്കെ ഗംഗാധരൻ നായരോടൊപ്പം പ്രവർത്തിച്ച കാലഘട്ടം അവിസ്മരണീയമായിരുന്നുവെന്ന് അനുസ്മരിച്ചു.

     തുടർന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ടും കണ്ണൂർ എം.പി.യുമായ കെ.സുധാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി., മുൻ മന്ത്രി കെ.സി.ജോസഫ് എം.എൽ.എ., ഡി.സി.സി.പ്രസിഡണ്ട് ഹക്കീം കുന്നിൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.സി.ഖമറുദ്ധീൻ എം.എൽ.എ, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എ.യുമായ കെ.പി.കുഞ്ഞിക്കണ്ണൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറി ജി.രതികുമാർ,  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീർ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.വി.കൃഷ്ണൻ, സി.എം. പി. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.കമ്മാരൻ, ആർ.എസ്.പി.ജില്ലാ പ്രസിഡണ്ട് ഹരീഷ് പി.നമ്പ്യാർ, മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ശാന്തമ്മ ഫിലിഫ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് വി.പി. പ്രദീപ് കുമാർ, യൂത്ത് കോൺഗ്രസ്സ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ,  എന്നിവർ ശബ്ദ സന്ദേശ അനുസ്മരണത്തിൽ സംസാരിച്ചു. 

      ശരിക്കും അനുസ്മരണ യോഗം നടക്കുന്ന ഒരു പ്രതീതിയിലാണ് എല്ലാവരും വീക്ഷിച്ചത്. ഒരാളുടെ സംസാരം പൂർണ്ണാമായതിന് ശേഷമാണ് അടുത്ത ആളുടെ ശബ്ദം അയച്ചത്. തുടർച്ചയായ രണ്ട് ദിവസത്തിന്റെ ശബ്ദ സന്ദേശത്തിന് ശേഷം ഗ്രൂപ്പിൽ എല്ലാവർക്കും അനുശോചനം അറിയിക്കാൻ അവസരം നൽകിയപ്പോൾ ഗംഗാധരേട്ടനെ സ്നേഹിക്കുന്ന നിരവധി പ്രമുഖർ അവരുടെ അനുഭവങ്ങൾ പങ്ക് വെച്ചത് ഗ്രൂപ്പിൽ ശ്രവിക്കുന്നവർക്ക് പുതിയ അനുഭവമായി.

    ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ ഈ വേറിട്ട അനുശോചന യോഗ പരിപാടിക്ക്  ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നതെന്ന് സി.രാജൻ പെരിയയും, സുകുമാരൻ പൂച്ചക്കാടും പറഞ്ഞു.