കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ പഠനം തുടങ്ങി ഒരുമാസം കഴിഞ്ഞിട്ടും ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ കിട്ടാത്ത അവസ്ഥ. നേരത്തെ സ്‌കൂള്‍ സൊസൈറ്റികള്‍ മുഖേന നല്‍കിയ പുസ്തകങ്ങള്‍ ഇക്കുറി അത്തരത്തില്‍ നല്‍കാത്തതാണ് പ്രശ്‌നത്തിനിടയാക്കിയിരിക്കുന്നത്. പുസ്തങ്ങള്‍ അധ്യാപകര്‍ കാസര്‍കോട് പോയി വാങ്ങണമെന്ന വ്യവസ്ഥയാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. പാഠപുസ്തകങ്ങളുടെ വിലയുടെ 5% അതത് സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിക്കുന്നതിന് വേണ്ടി അനുവദിക്കുന്നതാണ്. എസ്. എസ്. എ നിലവില്‍ വന്ന കാലം തൊട്ട് ഓരോ സ്‌കൂള്‍ സൊസൈറ്റികളിലും പാഠപുസ്തകങ്ങള്‍ എത്തിക്കാറുണ്ട്. മലയോരമേഖലകളില്‍ നിന്നുപോലും ഓരോ സ്‌കൂള്‍ സൊസൈറ്റിയും വാഹനവുമായി കാസര്‍കോട് പോയി ഓരോതവണയും പുസ്തകം കൊണ്ടുവരണം എന്ന് പറയുന്നത് പ്രായോഗികമല്ല.
പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നത്. പുസ്തകം ഇല്ലാതെ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രഹസനമായിരിക്കുകയാണ്. രക്ഷിതാക്കള്‍ പഴയ പുസ്തകങ്ങള്‍ തേടി നടക്കുകയാണ്. ഒരു മാസം മുന്‍പ് തന്നെ കുറച്ചു പുസ്തകങ്ങള്‍ ജില്ലാ ഡിപ്പോയില്‍ വന്നിട്ടുണ്ടെങ്കിലും അതുപോലും വിതരണം ചെയ്യാന്‍ വിദ്യാഭ്യാസ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല .
ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അടിയന്തരമായി പാഠപുസ്തകം എത്തിക്കണമെന്ന് കെ.പി.എസ്.ടി.എ വെള്ളിയാഴ്ച് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ഡി.ഇ.ഒ ഓഫീസിനുമുന്നില്‍ ധര്‍ണ്ണ നടത്തു മെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം അഡ്വ.സി കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കെ.വി. വിജയന്‍ അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി , ജില്ലാ സെക്രട്ടറി ജി.കെ ഗിരീഷ് ,സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ പി ശശിധരന്‍, ഏ.വി.ഗിരീശന്‍, ഗിരിജ.ജി.കെ എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം ഏ.വി.ഗിരീശന്‍, ജില്ലാ സെക്രട്ടറി ജി.കെ.ഗിരീഷ്, വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് പി കെ ഹരിദാസ് എന്നിവര്‍ സംബന്ധിച്ചു.