ആലപ്പുഴ: കോവിഡ് സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമായി 11 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ വ്യാപാരിയും ബന്ധുക്കളുമായി ഒരു കുടുംബത്തിൽ രോഗമുള്ളവരുടെ എണ്ണം 16 ആയി. ഒരു കുടുംബത്തിലെ ഇത്രയധികം പേർ ഒരുമിച്ചു രോഗബാധിതരാകുന്നതു സംസ്ഥാനത്ത് ആദ്യം.
കായംകുളത്തെ വ്യാപാരി ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. നേരത്തെ ഇദ്ദേഹത്തിന്റെ ഭാര്യ, മകൾ, മകൻ, മരുമകൾ എന്നിവർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാപാരിയുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. കായംകുളം ചന്തയിൽനിന്നു മീൻ വാങ്ങി കുറത്തികാട് പ്രദേശത്തു വിൽപന നടത്തുന്നയാൾക്കും രോഗം ബാധിച്ചിരുന്നു. കായംകുളം നഗരസഭയും തെക്കേക്കര പഞ്ചായത്തും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.