നീലേശ്വരം: മകളുടെ വിവാഹത്തിൽ കഷ്ടതയനുഭവിക്കുന്ന സാധാരണക്കാരായ പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റെത്തിച്ച് നൽകി വിജയകുമാറും കുടുംബവും.
പേരോൽ 'വീണാഞ്ജലി' യിലെ ഇ.വിജയകുമാറും കുടുംബവുമാണ് കൊറോണ കാലത്ത് ഇത്തരമൊരു കാരുണ്യ പ്രവർത്തനം നടത്തിയത്. മകൾ അഞ്ജലിയും കുഞ്ഞാലിൻകീഴിലെ കെ.കെ.രാജ്മോഹൻ നമ്പ്യാരുടെ മകൻ ഗിരിധർനാഥും തമ്മിലുള്ള വിവാഹം നിശ്ചയിച്ചപ്പോൾ തന്നെ ആലോചിച്ചു റപ്പിച്ചതായിരുന്നു ആരെയെങ്കിലും സഹായിക്കണമെന്നത്. ഓണക്കാലത്തായതിനാലാണ് ഇങ്ങനൊരാശയം മനസ്സിലെത്തിയത്. നീലേശ്വരം കരുണാ പാലിയേറ്റീവ് കെയറിലെ നിർധനരായ രോഗികൾക്കാണ് പല വ്യഞ്ജനങ്ങൾ അടങ്ങിയ ഓണകിറ്റ് ശ്രീ മഹാമായ ഹോട്ടൽ ജീവനക്കാരനായ വിജയകുമാറും ഭാര്യ അംബികയും മക്കളും ചേർന്നാണ് വിതരണം ചെയ്തത്. ലളിതമായി നടത്തുന്ന തൻ്റെ കല്യാണത്തിൽ ഇത്തരത്തിൽ സഹായിക്കാനായതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് മകൾ അഞ്ജലി പറഞ്ഞു.
പാലിയേറ്റീവ് പ്രവർത്തകരായ അശോകൻ, ഷംസുദ്ദീൻ, കെ.വി.സുനിൽ രാജ് എന്നിവരും സംബന്ധിച്ചു.