തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ നാല് പ്രതികളെ റിമാന്‍ഡ് ചെയ്തു. അജിത്, ഷജിത്, സതി, നജീബ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. നെടുമങ്ങാട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഓണ്‍ലൈനായാണ് പ്രതികളെ ഹാജരാക്കിയത്. മറ്റുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. രണ്ട് പ്രതികള്‍ക്ക് രക്ഷപ്പെടുത്താന്‍ സഹായം നല്‍കിയത് കസ്റ്റഡിയിലുള്ള സ്ത്രീയാണെന്നാണ് സൂചന. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള പ്രതികളെ രക്ഷപ്പെടുത്താനും വാഹനമേര്‍പ്പെടുത്താനുമടക്കം സഹായിച്ചത് ഇവരാണെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.
അതേസമയം ഇരട്ടക്കൊലപാതകത്തിന് കാരണം രാഷ്ട്രീയവൈരാഗ്യമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിരോധം തുടങ്ങിയത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ടവരും പ്രതികളും തമ്മില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി. കൊലപാതകത്തിന് ഗൂഢാലോചന നടന്നത് പുല്ലമ്പാറ മുത്തിക്കാവ് ഫാം ഹൗസില്‍ വെച്ചാണ്. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ തേമ്പാമൂട് വെച്ച് സംഘര്‍ഷമുണ്ടായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷഹിനെ ഏപ്രില്‍ നാലിന് പ്രതികള്‍ ആക്രമിച്ചു. ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമുണ്ടായത്. പിന്നീട് മേയ് 25 ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസലിന് നേരെയും ആക്രമണമുണ്ടായി. ഈ കേസില്‍ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോട്ടിലുള്ളത്. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളും കണ്ടാലറിയാവുന്ന ചിലരും ഗൂഢാലോചനയുടെ ഭാഗമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.