കണ്ണൂർ: പെരുമ്പാമ്പിനെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ശ്രീകണ്ഠാപുരം എരുവേശി സ്വദേശി അറസ്റ്റില്‍. എരുവേശിയിലെ പുഴങ്ങര വീട്ടില്‍ സുമേഷ് (40) ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജയപ്രകാശൻ്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച ഉച്ചയോടെ ചിറവക്കില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.
ചിറവക്കിലെ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ച് ദിവസം മുൻപാണ് സുമേഷ് പെരുമ്പാമ്പിനെ കൊലപ്പെടുത്തിയത്. ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യുകയും അത് ആവര്‍ത്തിക്കാന്‍ പ്രചോദിപ്പിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.
വന്യജീവി നിയമ പ്രകാരം സംരക്ഷിത വിഭാഗത്തില്‍പെട്ട പെരുമ്പാമ്പിനെ കൊല്ലുന്നതും വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍-1 പാര്‍ട്ട് രണ്ട് വകുപ്പ് 39, 50, 51 അനുസരിച്ച് പിഴയും 7 വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് തളിപ്പറമ്പിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍ പറഞ്ഞു.
0 Comments