തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 22 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 672. 130 ആരോഗ്യ പ്രവർത്തകർ. 52,755 സാംപിൾ പരിശോധിച്ചു. 3420 പേർ രോഗമുക്തരായി. നിലവിൽ സംസ്ഥാനത്ത് 61,791 പേർ ചികിത്സയിലുണ്ട്.
സെപ്റ്റംബറിൽ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവുണ്ടായി. സമ്പർക്കത്തിലൂടെയാണ് 96 ശതമാനം പേർക്കും രോഗം ബാധിക്കുന്നത്. ഈ നില തുടർന്നാൽ വലിയ അപകടത്തിലെത്തും. എന്തുവിലകൊടുത്തും രോഗവ്യാപനം പിടിച്ചുകെട്ടണം. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സർക്കാർ സംവിധാനങ്ങൾ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും.
സമരങ്ങൾ ആരോഗ്യപരിപാലന നിർദേശങ്ങൾക്ക് വിധേയമായിരിക്കണം. സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണം ആവശ്യമായി വരും. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണം. ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രത കുറഞ്ഞു. ഇതിന്റെ ദൂഷ്യഫലം പ്രത്യക്ഷത്തിൽ കാണുന്നു. പ്രാദേശിക തലത്തിൽ രാഷ്ട്രീയ കക്ഷി നേതാക്കൾ നല്ല ഇടപെടൽ നടത്തണം. സമ്പദ്ഘടനയെ ചലിപ്പിക്കുന്നതിൽ അസംഘടിതമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉപജീവനമാർഗം കണ്ടെത്തുന്നതിന് തുറന്നു പ്രവർത്തിക്കുന്നത് ആവശ്യമാണ്.
0 Comments