ടീ ഷർട്ട് ധരിച്ച് എംഎൽഎ നിയമസഭയിലെത്തി; 'കളിസ്ഥലമല്ല', ഇറങ്ങിപ്പോകാൻ ശാസിച്ച് സ്പീക്കർ

LATEST UPDATES

6/recent/ticker-posts

ടീ ഷർട്ട് ധരിച്ച് എംഎൽഎ നിയമസഭയിലെത്തി; 'കളിസ്ഥലമല്ല', ഇറങ്ങിപ്പോകാൻ ശാസിച്ച് സ്പീക്കർ

 

അഹമ്മദാബാദ്: ടീ ഷർട്ട് ധരിച്ചെത്തിയതിന് കോൺഗ്രസ് എംഎൽഎയെ ഗുജറാത്ത് നിയമസഭയിൽ നിന്ന് പുറത്താക്കി. എംഎൽഎ വിമൽ ചുഡാസമയെയാണ് പുറത്താക്കിയത്. സമാജികർ സഭയുടെ അന്തസ്സ് കാക്കണമെന്നും ടീ ഷർട്ട് ധരിച്ച് സഭയിൽ എത്തരുതെന്നും പറഞ്ഞ് സ്പീക്കർ രാജേന്ദ്ര ത്രിവേദിയുടേതാണ് നടപടി. കഴിഞ്ഞയാഴ്ചയും ചുഡാസമ ടീ ഷർട്ട് ധരിച്ച് എത്തിയപ്പോൾ സ്പീക്കർ മുന്നറിയിപ്പ് നൽകിയിരുന്നു. 


അതേസമയം സ്പീക്കറുടെ നിർദേശത്തെ കോൺഗ്രസ് അംഗങ്ങൾ എതിർത്തു. ടീഷർട്ടിന് സഭയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ഇവരുടെ വാദം. ടീ ഷർട്ട് ധരിക്കുന്നതിൽ താൻ ഒരു അപാകതയും കാണുന്നില്ലെന്ന് ചുഡാസമ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം താൻ ടീ ഷർട്ടാണ് ധരിച്ചതെന്നും എംഎൽഎമാർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തിയിട്ടേ തന്നോട് ഷർട്ട് ധരിച്ചെത്താൻ പറയാൻ സാധിക്കൂവെന്നും അദ്ദേഹം സ്പീക്കറോട് പറഞ്ഞു. സോംനാഥ് അസംബ്ലി മണ്ഡലത്തിലെ പ്രതിനിധിയാണ് ചുഡാസമ.  


ഷർട്ടോ കുർത്തയോ ധരിച്ച് എത്തുന്നതായിരിക്കും നല്ലതെന്നാണ് സ്പീക്കർ അഭിപ്രായം. 'നിങ്ങൾ എന്ത് ധരിച്ചാണ് വോട്ട് തേടിയതെന്ന് എനിക്കറിയേണ്ട. നിങ്ങൾ സ്പീക്കറുടെ ഉത്തരവിനെ ബഹുമാനിക്കുന്നില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിച്ച് സഭയിൽ വരാനാകില്ല. കാരണം നിങ്ങൾ എംഎൽഎയാണ്. ഇത് കളിസ്ഥലമല്ല. ഇവിടെ പ്രോട്ടോക്കോൾ പാലിക്കണം'- സ്പീക്കർ വ്യക്തമാക്കി. 

Post a Comment

0 Comments