ന്യൂഡൽഹി : കൊറോണ വാക്‌സിൻ സ്വീകരിച്ച ശേഷം ലഭിക്കുന്ന സർട്ടിഫിക്കേറ്റ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കരുത് എന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. സർട്ടിഫിക്കേറ്റിലെ വ്യക്തിഗത വിവരങ്ങൾ സൈബർ തട്ടിപ്പ് സംഘങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ സുരക്ഷ ബോധവത്കരണ ട്വിറ്റർ അക്കൗണ്ടായ സൈബർ ദോസ്തിലൂടെയാണ് അറിയിപ്പ്.
കൊറോണ വാക്‌സിൻ സ്വീകരിച്ച പലരും സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പങ്കുവെയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.
കൊറോണ വാക്‌സിൻ സ്വീകരിച്ച ശേഷം ലഭിക്കുന്ന സർട്ടിഫിക്കേറ്റിൽ പേരും മറ്റ് വ്യക്തിഗത വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. വാക്‌സിൻ സ്വീകരിക്കുന്ന സമയവും തീയതിയും സ്ഥലവും സർട്ടിഫിക്കേറ്റിൽ ഉണ്ടാകും. കുത്തിവെയ്ക്കുന്ന വാക്‌സിന്റെ പേരും, ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങളും, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഈ വിവരങ്ങൾ സൈബർ അക്രമങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
0 Comments