അനധികൃത മൽസ്യബന്ധനം; കാഞ്ഞങ്ങാട്ട് മൂന്ന് ബോട്ടുകൾ പിടിയിൽ

അനധികൃത മൽസ്യബന്ധനം; കാഞ്ഞങ്ങാട്ട് മൂന്ന് ബോട്ടുകൾ പിടിയിൽ



കാഞ്ഞങ്ങാട്: അനധികൃതമായി മീൻ പിടിച്ച 3 ബോട്ടുകൾ പിടികൂടി. ഫിഷറീസ് അസിസ്‌റ്റന്റ് ഡയറക്‌ടർ കെവി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു കടലിലെ റെയ്‌ഡ്.


മറൈൻ എൻഫോഴ്‌സ്‌മെന്റ് കണ്ണൂർ വിഭാഗവും കാസർഗോഡ് ജില്ലയിലെ ഫിഷറീസ് റെസ്‌ക്യൂ വിഭാഗവും തൃക്കരിപ്പൂർ, ബേക്കൽ, ഷിറിയ എന്നീ 3 കോസ്‌റ്റൽ പൊലീസ് വിഭാഗവും ചേർന്നാണ് കടലിൽ പരിശോധനക്ക് ഇറങ്ങി ബോട്ടുകൾ പിടികൂടിയത്.


പുഞ്ചാവി കടപ്പുറത്തു നിന്ന് പടിഞ്ഞാറു ഭാഗത്തായി 18 കിലോമീറ്റർ അകലെ നിന്നാണ് 2 ബോട്ടുകൾ പിടികൂടിയത്. തീവ്ര വെളിച്ചമുളള ലൈറ്റ് തെളിയിച്ചു മീൻ പിടിച്ചതിനാണ് 2 ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തത്. കരയോടു ചേർന്നു മീൻ പിടിച്ചതിനാണ് മറ്റൊരെണ്ണം പിടികൂടിയത്.


കണ്ണൂർ സി റെസ്‌ക്യൂ ബോട്ടും കാസർഗോഡ് സി റെസ്‌ക്യൂ ബോട്ടും കഴിഞ്ഞ ദിവസം വൈകിട്ടു തുടങ്ങിയ പട്രോളിങ് ഇന്നലെ പുലർച്ചെ 3നാണ് അവസാനിപ്പിച്ചത്. ബോട്ട് ഉടമകൾക്കെതിരെ അടുത്ത ദിവസം നിയമ നടപടി സ്വീകരിക്കുമെന്നു ഫിഷറീസ് ഡയറക്‌ടർ അറിയിച്ചു.

Post a Comment

0 Comments