മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ ശതാബ്ദി നിറവിൽ

LATEST UPDATES

6/recent/ticker-posts

മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ ശതാബ്ദി നിറവിൽ

  

കാഞ്ഞങ്ങാട് : മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ ശതാബ്ദി നിറവിൽ.
മാർച്ച് മുതൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ശതാബ്ദി വർഷം ആഘോഷിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. വികസന സമിതി ചെയർമാൻ അഡ്വ.പി.അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.വി. മായാകുമാരി കൗൺസിലർമാരായ സുജിത്ത് നെല്ലിക്കാട്ട്, ലത, ശോഭന, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ , എച്ച്.എൻ.പ്രകാശൻ , പപ്പൻ കുട്ടമത്ത് , പി.ശ്രീകല, പി.കുഞ്ഞിക്കണ്ണൻ ,എസ്.ഗോപാലകൃഷ്ണൻ , കോമൻകല്ലിങ്കൽ, കെ.വി. വനജ സംസാരിച്ചു.

ദേശീയ പ്രസ്ഥാനം ശക്തിപ്പെട്ടു വരുന്ന കാലത്ത് 1923 ൽ ആണ് ഏച്ചിക്കാനം തറവാട്ടിലെ വലിയ കാരണവർ കേളു നായർ തന്റെ പേരക്കുട്ടി കോട്ടയിൽ ഗോവിന്ദൻ നമ്പ്യാർക്ക് സ്കൂൾ വിദ്യാഭ്യാസം നൽകാനായി കേളു നായരുടെ  ഭാര്യാ സഹോദരനായ എ.സി. കണ്ണൻ നായരുടെ പത്തായപ്പുരയ്ക്ക് സമീപം സ്കൂൾ ആരംഭിച്ചത്. കണ്ണൻ നായർ ഇന്ത്യൻ നാഷണൽ  കോൺഗ്രസിന്റെ  അമരക്കാരനായി  മാറിയതോടെ കർമ്മ പരിപാടികളുടെ സിരാകേന്ദ്രമായി ബല്ല സ്കൂൾ മാറി. 1928 ൽ നിശാപാഠശാല ആരംഭിച്ചു. വിദ്വാൻ പി. കേളു നായരുടെയും എ.സി. കണ്ണൻ നായരുടെയും കെ.ടി.കുഞ്ഞിരാമൻ നമ്പ്യാരുടെയും നേതൃത്വത്തിൽ ആരംഭിച്ച വെള്ളിക്കോത്തെ വിജ്ഞാന ദായിനി വിദ്യാലയത്തിലെ അധ്യാപകരും ഇവിടെ ക്ലാസ്സെടുക്കാനെത്തി. കേരള ഗാന്ധി കെ.കേളപ്പൻ , കെ.പി.കേശവമേനോൻ , കെ.മാധവൻ നായർ , കൃഷ്ണപ്പിള്ള , എ.കെ.ഗോപാലൻ, മന്നത്തു പത്മനാഭൻ , പ്രൊഫ. മന്മഥൻ നായർ , ടി.എസ്. തിരുമുമ്പ് , ഇ.എം.എസ്, കുട്ടമത്ത് കവികൾ, മഹാകവി വള്ളത്തോൾ, തുടങ്ങി ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളികളായ നൂറുകണക്കിന് മഹത് വ്യക്തികളുടെ നിത്യ സന്ദർശന കേന്ദ്രമായി  മാറി. ദീർഘകാലം സ്കൂൾ പ്രധാനാധ്യാപകനായിരുന്ന മലബാർ ചാർലി ചാപ്ലിൻ രസിക ശിരോമണി കോമൻ നായർക്ക് സ്കൂൾ ദാനമായി നൽകാൻ ഏച്ചിക്കാനം കാരണവന്മാർ തയ്യാറായപ്പോൾ അദ്ദേഹം നിരസിക്കുകയും  സർക്കാരിന് വിട്ടു കൊടുക്കാൻ നിർദ്ദേശിക്കുകയുമാണുണ്ടായത്. 1956 ൽ  സർക്കാർ ഏറ്റെടുത്തു. ജി.എൽ.പി.സ്കൂൾ ബെല്ല ആയി പ്രവർത്തനം തുടങ്ങി.1980 ൽ യു.പി. ആയി ഉയർത്തി.

2012 ൽ ആണ് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളായി പുനർനാമകരണം ചെയ്തത്. അക്കാദമിക രംഗത്തും കലാകായിക രംഗത്തും മികച്ച മാതൃക സൃഷ്ടിച്ച വിദ്യാലയത്തിന്റെ നൂറാം വാർഷികം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും. 

 നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത (ചെയർമാൻ) അഡ്വ.പി.അപ്പുക്കുട്ടൻ (വർക്കിംഗ് ചെയർമാൻ) കൊടക്കാട് നാരായണൻ (ജനറൽ കൺവീനർ) പി.കുഞ്ഞിക്കണ്ണൻ (കൺവീനർ) എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.

Post a Comment

0 Comments