ആറ് വയസുകാരന് മഡ് റെയ്‌സിങ് പരിശീലനം; പിതാവിനെതിരെ കേസ്

ആറ് വയസുകാരന് മഡ് റെയ്‌സിങ് പരിശീലനം; പിതാവിനെതിരെ കേസ്

 


പാലക്കാട്: ജില്ലയിലെ കൊടുമ്പിൽ ആറ് വയസുകാരന് മഡ് റെയ്‌സിങ് പരിശീലനം നടത്തിയ സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവിന് എതിരെ കേസെടുത്തു. തൃശൂർ കാട്ടൂർ സ്വദേശി ഷാനവാസ് അബ്‌ദുള്ളക്കെതിരെയാണ് കേസ്. നിയമങ്ങൾ കാറ്റിൽ പറത്തി ആറ് വയസുകാരൻ ഇരുചക്ര വാഹനത്തിൽ മഡ് റെയ്‌സിങ് പരിശീലനം നടത്തുകയായിരുന്നു.


പാലക്കാട് കൊടുമ്പിൽ ഈ മാസം 17, 18 തീയതികളിൽ നടക്കുന്ന മഡ് റെയ്‌സിങ്ങിന് മുന്നോടിയായിട്ടാണ് ആറ് വയസുകാരൻ മൽസര പരിശീലനം നടത്തിയത്. അതേസമയം, ടോയ് ബൈക്കിലാണ് കുട്ടി പരിശീലനം നടത്തിയതെന്നാണ് പിതാവും ബന്ധുക്കളും പറയുന്നത്.


എന്നാൽ, വിലകൂടിയ, അമിതവേഗത്തിൽ പോകുന്ന ബൈക്കുകളിൽ മുതിർന്നവർ പരിശീലനം നടത്തുമ്പോൾ ഇതിനിടക്ക് കുഞ്ഞിനെ അപകടകരമായ രീതിയിൽ പരിശീലിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. പരിശീലനത്തിന്റെ ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് വിശദമായ പരിശോധനക്ക് ശേഷം കുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തത്.

Post a Comment

0 Comments