റിഫയുടെ മരണം: പെരുന്നാളിന് വീട്ടിൽനിന്ന് ഇറങ്ങിയ മെഹ്നാസ് ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന് വീട്ടുകാർ

റിഫയുടെ മരണം: പെരുന്നാളിന് വീട്ടിൽനിന്ന് ഇറങ്ങിയ മെഹ്നാസ് ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന് വീട്ടുകാർ

 

 വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് കാസർകോട് നീലേശ്വരം സ്വദേശി മെഹ്നാസിന്റെ വീട്ടുകാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. വീട്ടിലെത്തിയാണ് കുടുംബങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിനു ശേഷം മെഹ്നാസിന്റെ സുഹൃത്തുക്കളിൽനിന്നും മൊഴി എടുത്തു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭർത്താവ് മെഹ്നാസിനെതിരെ റിഫയുടെ കുടുംബം റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ആത്മഹത്യപ്രേരണ കുറ്റമാണ് മെഹ്നാസിനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. അന്വേഷണ സംഘത്തിനു മുമ്പിൽ ചോദ്യം ചെയ്യാൻ ഹാജരാവാൻ പറഞ്ഞുവെങ്കിലും ഇയാൾ തയാറായില്ല.

പെരുന്നാളിന് വീട്ടിൽനിന്ന് ഇറങ്ങിയ മെഹ്നാസ് ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നാണ് പറയുന്നത്. ഗൾഫിൽ മെഹ്നാസി​ന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. റിഫ മരിച്ച ഉടൻ മെഹ്നാസ് ലൈവ് വിഡിയോയിൽ വന്നത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നതായി ഇവരുടെ അഭിഭാഷകൻ പി. റെഫ്ത്താസ് പറഞ്ഞു.

കുടുംബം അന്വേഷണ കമീഷൻ മുമ്പാകെ നൽകിയ പരാതിയെ തുടർന്ന് മേയ് ഏഴ് ശനിയാഴ്ച റിഫയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുക്കകയും ഫോറൻസിക് വിഭാഗം ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിന്റെ പരിശോധനഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും കിട്ടിയ ശേഷം അന്വേഷണം ദുബൈ കേന്ദ്രീകരിച്ച് നടത്തണമൊയെന്ന് അന്വേഷണ സംഘം തീരുമാനിക്കും. ഇതിനിടയിൽ ദേശീയ വനിത കമീഷന് പൊതുപ്രവർത്തക നുസ്രത്ത് ജഹാൻ പരാതി നൽകിയതിനാൽ കമീഷന്റെ കീഴിലുള്ള എൻ.ആർ.ഐ സെൽ കേസ് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.

Post a Comment

0 Comments