വീടുകളിൽ നഗ്നനായെത്തി മോഷണം; നാട്ടുകാരുടെ ഉറക്കംകെടുത്തിയ മോഷ്ടാവ് പിടിയിൽ

LATEST UPDATES

6/recent/ticker-posts

വീടുകളിൽ നഗ്നനായെത്തി മോഷണം; നാട്ടുകാരുടെ ഉറക്കംകെടുത്തിയ മോഷ്ടാവ് പിടിയിൽ



കണ്ണൂര്‍: നഗരപരിസരങ്ങളില്‍ രണ്ടാഴ്ചയിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ നഗ്ന മോഷ്ടാവ് പിടിയില്‍. കണ്ണൂര്‍ പൊലീസിന്റെ ആസൂത്രിത നീക്കത്തിലാണ് പ്രതി പിടിയിലായത്. വാട്ടര്‍ മീറ്റര്‍ എന്ന് വിളിപ്പേരുള്ള നീലഗിരി സ്വദേശി അബ്ദുള്‍ കബീറിനെയാണ് എ സി പി രത്നകുമാറിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം ഇയാള്‍ നഗ്നനായി മോഷണത്തിനിറങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.


കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് ഇയാള്‍ ബസ് മാര്‍ഗം വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ശ്രമകരമായ ദൗത്യത്തിലാണ് ശനിയാഴ്ച രാവിലെ പ്രതി വലയിലായത്. പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ ഉടന്‍തന്നെ മോഷണം നടന്ന പ്രദേശത്ത് തെളിവെടുപ്പിനെത്തിക്കും. വിവിധ ജില്ലകളിലായി 11 ഓളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.


പകല്‍ സമയങ്ങളില്‍ താമസമില്ലാത്ത വീടുകള്‍ കൃത്യമായി നിരീക്ഷിച്ച് രാത്രി ആ വീടുകളില്‍ മോഷണത്തിനെത്തുകയാണ് ഇയാളുടെ രീതി. ശനി, ഞായര്‍ അവധി ദിവസങ്ങളില്‍ മാത്രം വീട്ടില്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മറ്റും വീടുകളാണ്‌ ഇയാള്‍ സ്ഥിരമായി മോഷണത്തിന് തെരഞ്ഞെടുക്കുന്നത്. രണ്ട് വീടുകളില്‍ ഇയാള്‍ മോഷണം നടത്തുന്നതിന്റെയും നഗ്നനായി നടക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Post a Comment

0 Comments