കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. അഴീക്കോട് കെഎസ്ഇബി ഓഫീസിലെ സബ് എൻജിനീയർ ജോ ജോസഫിനെയാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. പിടികൂടുമെന്നുറപ്പായപ്പോൾ കൈക്കൂലി നോട്ടുകൾ വിഴുങ്ങിയ സബ് എഞ്ചിനിയറെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. കണ്ണൂർ പൂതപ്പാറ സ്വദേശിയായ അബ്ദുൾ ഷുക്കൂറിന്റെ വീടിൻറെ മുൻ വശത്തുള്ള കാർഷെഡിനു മുകളിൽ കൂടി അപകടകരമായി പോകുന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടി അഴീക്കോട് കെ എസ് ഇ ബി ഓഫീസിൽ അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ, സബ് എൻജിനിയർ ആയ ജോ ജോസഫിനോട് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടു . സ്ഥലം സന്ദർശിച്ചതിനു ശേഷം പോസ്റ്റ് മാറ്റി ഇടുന്നതിന് 5550 / – രൂപ നിർദ്ദേശിക്കുകയും ചെയ്തു. അത് പ്രകാരം അബ്ദുൾ ഷുക്കൂർ ഇക്കഴിഞ്ഞ ബുധനാഴ്ച്ച ഫീസ് തുകയായ 5550 / -രൂപ അടക്കുകയും ചെയ്തു . ശേഷം ജോ ജോസഫ് അബ്ദുൽ ഷുക്കൂറിനെ ബന്ധപ്പെട്ട് തനിക്ക് എറണാകുളത്തേക്കു ട്രാൻസ്ഫർ ആണെന്നും കാണേണ്ട രീതിയിൽ കണ്ടാൽ ഇന്ന് തന്നെ ഇലക്ട്രിക് പോസ്റ്റ് മാറ്റിയിടാൻ സാധിക്കുമെന്നും ഇല്ലെങ്കിൽ ഒരു മാസമെങ്കിലും കഴിഞ്ഞു മാത്രമേ മാറ്റിയിടാൻ സാധിക്കു എന്നും അറിയിച്ചു. എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അബ്ദുൾ ഷുക്കൂർ ചോദിച്ചപ്പോൾ 1000 / – രൂപ കൈക്കൂലി നൽകിയാൽ ഇന്നേദിവസം തന്നെ ഇത് മാറ്റിയിട്ട് തരാമെന്നും അറിയിച്ചു. കൈക്കൂലി ആവശ്യപ്പെട്ട വിവരം അബ്ദുൽ ഷുക്കൂർ കണ്ണൂർ വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ശ്രീ.ബാബുപെരിങ്ങോത്തിനെ അറിയിക്കുകയും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ഉള്ള വിജിലൻസ് സംഘം കെണി ഒരുക്കി ഇന്ന് ( 27.08.2022 ) ഉച്ചക്ക് ഒരു മണിയോടെ അബ്ദുൾ ഷുക്കൂറിന്റെ വീടിനു സമീപം വച്ച് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ജോ ജോസഫിനെ വിജിലൻസ് സംഘം പിടികൂടുകായാണുണ്ടായത്. കൈക്കൂലി വാങ്ങിയതിനു ശേഷം വിജിലൻസ് സംഘത്തെ കണ്ട ജോ ജോസഫ് മതിൽ ചാടി കടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും , തുടർന്ന് 1000 രൂപ വിഴുങ്ങുകയും ചെയ്തു. ഓടിച്ചിട്ടാണ് വിജിലൻസ് സംഘത്തിന് പ്രതിയെ പിടികൂടാൻ സാധിച്ചത് .തുടർന്ന് നടത്തിയ ഫിനോഫ്തലിൻ പരിശോധനയിൽ ജോ കൈക്കൂലി വാങ്ങിയതായി തെളിവ് ലഭിക്കുകയും എന്നാൽ കൈക്കൂലിയായി വാങ്ങിയ ആയിരം രൂപ വിഴുങ്ങിയതായി പ്രതി അറിയിക്കുകയും ചെയ്തു . തുടർന്ന് പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. വിജിലൻസ് സംഘത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ.ബാബു പെരിങ്ങേത്ത് , സബ് ഇൻസ്പെക്ടർ പങ്കജാക്ഷൻ ASI മാരായ നാരായണൻ , നിജേഷ് , ബിജു , ജയശ്രീ SCPO മാരായ സുഗീഷ് , നിതീഷ് , ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു . പ്രതിയെ തലശ്ശേരി വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും .
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ . മനോജ് എബ്രഹാം . ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു .
0 Comments