ജില്ലയിലെ ടൂറിസം മേഖലയിലുള്ളവരുടെ കൂട്ടായ്മയായ ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാന വേളയിൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന സി. പി. വിക്രംരാജിന് ഉപഹാരം നൽകാൻ ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് എഴുന്നേറ്റപ്പോൾ സംഘാടകർ അദ്ദേഹത്തോട് പറഞ്ഞു, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ ബി. ടി. എഫ്. സംഘടിപ്പിച്ച രസകരമായ മത്സരത്തിൽ സംസ്ഥാന ടൂറിസം മന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിന്, അത് പി. എ. മുഹമ്മദ് റിയാസ് ആയിരിക്കുമെന്ന് താങ്കൾ മന്ത്രി ആകുന്നതിനു മുമ്പേ കൃത്യമായി പ്രവചിച്ചതിനാണ് ഈ സമ്മാനം നൽകുന്നത്.
ഇത് കേട്ട മന്ത്രി തൊട്ടടുത്തുണ്ടായിരുന്ന രാജ്മോഹൻ ഉണ്ണിത്താൻ എം. പി. യോട് ചിരിച്ചുകൊണ്ട് പറഞ്ഞു, ഞാൻ മന്ത്രിയാകുന്നതിന് മുമ്പ് ടൂറിസം മന്ത്രി ആവുമെന്ന് കാസർകോട് നിന്ന് പ്രവചിച്ചതിനാണ് ഞാൻ ഉപഹാരം നൽകാൻ പോകുന്നത്. പിന്നെ കേട്ടത് കേട്ടത് സ്റ്റേജിലുള്ളവരുടെ കൂട്ടച്ചിരിയായിരുന്നു.
കോവിഡ് കാലമായതിനാലാണ് സമ്മാനം നൽകാൻ വൈകിയതെന്നും, വകുപ്പ് മന്ത്രിയെ കൊണ്ടുതന്നെ സമ്മാനം നൽകാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും ബി. ടി. എഫ്. ചെയർമാൻ സൈഫുദ്ദീൻ കളനാട് പറഞ്ഞു.
ചടങ്ങിൽ സി. എച്ച്. കുഞ്ഞമ്പു എം. എൽ. എ, ബി. ആർ. ഡി. സി. മാനേജിങ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, ഡി. ടി. പി. സി. മുൻ സെക്രട്ടറി ബിജു രാഘവൻ, അനസ് മുസ്തഫ, അബ്ദുൽ ഖാദർ പള്ളിപ്പുഴ എന്നിവർ സന്നിഹിതരായിരുന്നു.
0 Comments