കാഞ്ഞങ്ങാട് : ദേശീയ രാഷ്ട്രീയത്തിൽ ബിജെപി വിരുദ്ധ ശക്തികളെ ഒരുമിപ്പിച്ച് എൻസിപിയുടെ നേതൃത്വത്തിൽ നിർവഹിക്കുന്നത് ചരിത്രപരമായ ദൗത്യമാണെന്ന് എൻസിപി സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോ പറഞ്ഞു. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയത്തിൽ 21 പാർട്ടികളുടെ ഐക്യ നിര ഉണ്ടാവും. വർഗീയ വിഭജന രാഷ്ട്രീയമെന്ന അപകടകരമായ സ്ഥിതിവിശേഷത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ വലിയ രാഷ്ട്രീയ പരീക്ഷണമാണ് ഉണ്ടാവുക. നരേന്ദ്രമോഡി വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ കഴിഞ്ഞില്ലെങ്കിൽ ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ രാജ്യത്ത് ആർക്കും രക്ഷയില്ലാത്ത അവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എൻ സി പി കാസർകോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് പുതിയകോട്ട ഗ്രാൻഡ് മാക്സ് ബിൽഡിങ്ങിൽ
ഉദ്ഘാടനം ചെയ്യുകയായിരുന്നു പി. സി ചാക്കോ. കേരളത്തിലും പുതിയ രാഷ്ട്രീയ സംസ്കാരത്തിന് രൂപം നൽകുകയാണ് എൻ.സി.പി. ഇത് മനസ്സിലാക്കിയാണ് മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും ബഹുഭൂരിപക്ഷം ആളുകളും എൻ സി പി ലേക്ക് വരുന്നത്. പാർട്ടിയുടെ വലുപ്പം അല്ല രാഷ്ട്രീയ നായത്തിലും പരിപാടിയിലുമാണ് കാര്യം. അധികാരത്തിന്റെ അപ്പക്കഷണം അല്ല എൻസിപിയുടെ ലക്ഷ്യം. കൂട്ടായി ചിന്തിക്കുന്ന നാടിനെ രക്ഷിക്കാൻ കഴിയുന്ന ജനവിഭാഗത്തെ ഉയർത്തിക്കൊണ്ടുവരലാണ്. അതിനായി എൻസിപി പ്രവർത്തകർ പോരാടും. പാർട്ടിക്ക് തുരങ്കം വെക്കുന്ന പ്രവർത്തനങ്ങളെ ചെറുക്കും. കർശനമായി നേരിടും
ജില്ലാ പ്രസിഡന്റിന്
തിരുത്താൻ കഴിയാത്ത വിഭാഗീയതയെ മുറിച്ചു നീക്കി പാർട്ടി മുന്നോട്ടു പോകും. കാസർകോട് എൻ.സി.പി കേരള പാർട്ടിക്ക് തന്നെ മാതൃകയാണെന്നും പിസി ചാക്കോ അഭിപ്രായപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കരീം ചന്തേര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റസാക്ക് മൗലവി, പി കെ രവീന്ദ്രൻ, എം പി മുരളി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ എ ഗംഗാധരൻ, സി ബാലൻ, അഡ്വ. സി. വി ദാമോദരൻ, എൻ. എം. സി സംസ്ഥാന പ്രസിഡന്റ് അനിത കുന്നത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി പി സി സീനത്ത്, ഒ ബി സി സംസ്ഥാന ജനറൽ സെക്രട്ടറി സുകുമാരൻ ഉദിനൂർ, ജില്ലാ ട്രഷറർ ബെന്നി നാഗമറ്റം,
മുൻ ജില്ലാ പ്രസിഡന്റുമാരായ ഷാജി ചെറിയാൻ വയനാട്, രവി കുളങ്ങര, ബ്ലോക്ക് പ്രസിഡന്റുമാരായ ടി. നാരായണൻ, എൻ. വി ചന്ദ്രൻ, ഇ. ടി മത്തായി, ഉബൈദുള്ള കടവത്ത്, മുഹമ്മദ് കൈക്കമ്പ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ടി ദേവദാസ് സ്വാഗതവും എൻ. വൈ. സി ജില്ലാ പ്രസിഡന്റ് വസന്തകുമാർ കാട്ടുകുളങ്ങര നന്ദിയും പറഞ്ഞു.
0 Comments