ഷാഫി ലൈംഗിക വൈകൃതമുള്ളയാള്‍, സൈക്കോപാത്ത്; ആറാം ക്ലാസ് വിദ്യാഭ്യാസം; നരബലിയുടെ പ്രധാന ആസൂത്രകനെന്ന് പൊലീസ്

LATEST UPDATES

6/recent/ticker-posts

ഷാഫി ലൈംഗിക വൈകൃതമുള്ളയാള്‍, സൈക്കോപാത്ത്; ആറാം ക്ലാസ് വിദ്യാഭ്യാസം; നരബലിയുടെ പ്രധാന ആസൂത്രകനെന്ന് പൊലീസ്



ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യ ആസൂത്രകന്‍ റാഷിദ് എന്ന മുഹമ്മദ് ഷാഫിയാണെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. ഇയാള്‍ സൈക്കോപാത്ത് ആണെന്നും, ലൈംഗിക വൈകൃതമുള്ള ആളാണെന്നും കമ്മീഷണര്‍ പറഞ്ഞു. ഇരകളെ മുറിവുണ്ടാക്കി അതില്‍ രസം കണ്ടെത്തുന്നു. ഷാഫിക്കെതിരായ മുന്‍ പീഡനക്കേസും ഇതും തമ്മില്‍ സാമ്യമുണ്ട്. ഇയാള്‍  സാഡിസ്റ്റിക് പ്ലഷര്‍ കണ്ടെത്തുന്ന ആളാണെന്ന് കമ്മീഷണര്‍ പറഞ്ഞു. 


ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളാണ് ഷാഫി. ഇയാള്‍ ചെയ്യാത്ത ജോലികളൊന്നുമില്ല. തന്റെ ആഗ്രഹം നടപ്പക്കാന്‍ ആളുകളെ ഏതു തരത്തിലും വീഴ്ത്താനുള്ള ശേഷി ഇയാള്‍ക്കുണ്ട്. അതിനു വേണ്ടി ഏതുവിധത്തിലും അയാള്‍ പ്രവര്‍ത്തിക്കും. ശ്രീദേവി എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കിയാണ് ഇയാള്‍ ഭഗവല്‍ സിങ്, ലൈല എന്നിവരുമായി അടുപ്പമുണ്ടാക്കിയത്. പിന്നീട് ഇയാളെ ഭഗവല്‍ സിങ്ങും ഭാര്യയും പൂര്‍ണമായി വിശ്വസിക്കുന്ന നിലയിലേക്കെത്തി. 


ദമ്പതികളെ വിശ്വസിപ്പിച്ച് കുറ്റകൃത്യത്തിലേക്ക് എത്തിച്ചത് ഷാഫിയാണ്. ഗൂഢാലോചനയും ആസൂത്രണവും ഇരകളെ വലയിലാക്കിയതും ഷാഫിയാണ്. ദമ്പതികളില്‍ നിന്നും ഇയാള്‍ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായി പറയുന്നുണ്ട്. എന്നാല്‍ രേഖാപരമായ തെളിവുകള്‍ മുഴുവന്‍ കണ്ടെത്തേണ്ടതുണ്ട്. 15 വര്‍ഷത്തിനിടെ പത്തോളം കേസുകളില്‍ ഷാഫി പ്രതിയാണ്. ഭഗവല്‍ സിങ്ങിന്റെയും ലൈലയുടേയും പേരില്‍ മുന്‍പ് കേസുകളുള്ളതായി അറിവില്ല. റെക്കോഡിക്കലി ക്രിമിനല്‍ കേസില്ല. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം ഭക്ഷിച്ചതായി പ്രതികള്‍  പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. 


ഭഗവല്‍ സിങ്ങിന്റെ പുരയിടത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു കുഴിയില്‍ നിന്നും പത്മയുടെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചു. മറ്റു മൂന്നു കുഴികളില്‍ നിന്നാണ് റോസ്‌ലിയുടെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ കുറ്റകൃത്യം വെളിയില്‍ കൊണ്ടുി വരാന്‍ സഹായമായത്. കുറ്റകരമായ ഗൂഡാലോചന, തെളിവു നശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും കമ്മീഷണര്‍ നാഗരാജു പറഞ്ഞു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. സമാനമായ കുറ്റകൃത്യം ഇവര്‍ വേറെ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും ഡിസിപി ശശിധരന്‍ പറഞ്ഞു. 

Post a Comment

0 Comments