ദക്ഷിണേന്ത്യയിലെ നമ്പർ വൺ ഡോക്ടർ തലശ്ശേരിയിൽ പോലീസ് പിടിയിൽ

LATEST UPDATES

6/recent/ticker-posts

ദക്ഷിണേന്ത്യയിലെ നമ്പർ വൺ ഡോക്ടർ തലശ്ശേരിയിൽ പോലീസ് പിടിയിൽ


ദക്ഷിണേന്ത്യയിലെ നമ്പർ വൺ കൊവിഡ് രോഗവിദഗ്ധനാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചു കോട്ടും സ്യൂട്ടും ടൈയും അണിഞ്ഞു ആഡംബര കാറുകൾ വാടകയ്‌ക്കെടുത്തു തട്ടിപ്പ് നടത്തി വിലസിയ വിരുതനെ തലശേരി പോലീസ് കുടുക്കി. തമിഴ്‌നാട് നെരുവമ്പക്കം സ്വദേശി സഞ്ജയ് വർമ്മ (39) യെയാണ് തലശേരി ടൗൺ പോലീസ് സ്വകാര്യലോഡ്ജിൽ നിന്നും തന്ത്രപരമായി പിടികൂടിയത്. പോലീസ് ചോദ്യം ചെയ്യലിലാണ് വ്യാജ ഡോക്ടർ അന്തർസംസ്ഥാന മോഷ്ടാവാണെന്നു വ്യക്തമായത്.


ഗോവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചൂതാട്ടകേന്ദ്രത്തിലെ അംഗമായ ഇയാൾ ചൂതാട്ടം നടത്താനുള്ള പണത്തിനായാണ് ആൾമാറാട്ടം നടത്തിയത്. കള്ളനോട്ടു മാഫിയയുമായി ഇയാൾക്കു ബന്ധമുണ്ടെന്നു പോലീസ് പറയുന്നു. 2000 രൂപയുടെ അഞ്ച് കള്ളനോട്ടുകളുമായാണ് ഇയാൾ പിടിയിലായത്. തലശേരി സിഐ അനിൽ കുമാർ പിടികൂടുമ്പോൾ ഇയാളിൽ നിന്നും പതിനൊന്ന് മൊബൈൽ ഫോണുകളും മുക്കുപണ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് ഡോക്ടറാണെന്നും ബിസിനസുകാരനുമാണെന്ന്  പറഞ്ഞാണ് ഇയാൾ ടാക്‌സി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരെ കബളിപ്പിച്ചിരുന്നത്. ദൂരദേശങ്ങളിൽ ട്രിപ്പു പോകാനുണ്ടെന്ന് പറഞ്ഞ് ഡ്രൈവർമാരെ കൂട്ടിക്കൊണ്ടുപോവുകയും ഇവരിൽ നിന്നും ഓരോ തട്ടിപ്പുകൾ പറഞ്ഞു പണം കൈക്കലാക്കുകയുമായിരുന്നു സഞ്ജയ് വർമ്മയെന്നു സ്വയം വിശേഷിപ്പിക്കുന്ന ഈയാൾ ചെയ്തിരുന്നത്. മറ്റുള്ളവർക്ക് ഒരിക്കലും തട്ടിപ്പുകാരനാണെന്ന് മനസിലാക്കാൻ കഴിയാത്ത വിധത്തിലാണ് പ്രതിയുടെ പെരുമാറ്റം. ഡോക്ടറുടേതിന് സമാനമായി മാന്യമായ വസ്ത്രധാരണവും നല്ല സ്ഫുടമായും ഒഴുക്കോടു കൂടിയും ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സംസാരിക്കാൻ കഴിയുന്നതുമാണ് സഞ്ജയ് വർമ്മയുടെ കെണിയിൽ പലരും വീഴാനുള്ള കാരണം. ബോളിവുഡ് നടൻമാർ, ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാക്കൾ, വൻ ബിസിനസ് മാഗ്‌നറ്റുകൾ എന്നിവരുമായി ഫോണിൽ സംസാരിക്കുന്ന ഭാവത്തിൽ സഞ്ജയ് ശർമ്മ നടത്തുന്ന സംഭാഷണങ്ങളിൽ ടാക്‌സി കാർ ഡ്രൈവർമാരും വീഴുകയായിരുന്നു.


കൈയ്യിൽ റോളക്‌സ് വാച്ചും റോൾഡ് ഗോൾഡിന്റെ മാലയും മോതിരവും ബ്രേസ് ലെറ്റും വില കൂടിയ ബ്രാൻഡഡ് വസ്ത്രങ്ങളും ധരിക്കുന്ന സഞ്ജയ് വർമ്മ വൻ സമ്പന്നനായ ഡോക്ടറാണെന്നാണ് ഇയാളുടെ തട്ടിപ്പിനിരയായവർ വിശ്വസിച്ചിരുന്നത്. മായാവലയത്തിൽ വീഴുന്നവരെ തന്ത്രപരമായാണ് സഞ്ജയ് ചൂഷണം ചെയ്യുന്നത്. തന്റെ ഫോണിൽ ചാർജില്ല അല്ലെങ്കിൽ കേടാണെന്നും കബളിപ്പിച്ചു, ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയില്ലെന്നും ശരിയാക്കിയാൽ മടക്കി തരാമെന്ന് പറഞ്ഞ് 2000 മുതൽ പതിനായിരം രൂപ വരെ വിവിധയിടങ്ങളിലേക്ക് ട്രിപ്പു വിളിച്ച ടാക്‌സി ഡ്രൈവർമാരിൽ നിന്നും ഇയാൾ കൈപ്പറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മൈസൂരിൽ നിന്നും ഒരു ടാക്‌സി വിളിച്ചെത്തിയ സഞ്ജയ് വർമ്മ തലശേരിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത ശേഷം ഡ്രൈവറുടെ മൊബൈൽ ഫോൺ കൈക്കലാക്കി മുങ്ങുകയായിരുന്നു. ടാക്‌സി ഡ്രൈവർ നികിലേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. താമസിച്ച സ്ഥലങ്ങളിലും പോയ സ്ഥലങ്ങളിലും ഭക്ഷണത്തിനും ടാക്‌സി കാറുകളിൽ സഞ്ചരിക്കാനും ഇയാൾ ചെലവിട്ടത് കള്ളനോട്ടുകളാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. കള്ളനോട്ടിൻ്റെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ പ്രതി തയ്യാറായിട്ടില്ലെന്നും തലശേരി ടൗൺ പോലീസ് അറിയിച്ചു. ഗോവയിലെ ചൂതാട്ടകേന്ദ്രവുമായി ബന്ധമുള്ളയാളാണ് സഞ്ജയ് എന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.


Post a Comment

0 Comments