ഉംറ തീർത്ഥാടനം മറയാക്കി സ്വർണക്കടത്തെന്ന് കസ്റ്റംസ്; കരിപ്പൂരിൽ മൂന്നര കിലോ സ്വർണവുമായി നാല് പേർ പിടിയിൽ

LATEST UPDATES

6/recent/ticker-posts

ഉംറ തീർത്ഥാടനം മറയാക്കി സ്വർണക്കടത്തെന്ന് കസ്റ്റംസ്; കരിപ്പൂരിൽ മൂന്നര കിലോ സ്വർണവുമായി നാല് പേർ പിടിയിൽ



കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നു കോടി രൂപയുടെ സ്വര്‍ണം ഡി.ആര്‍.ഐ. വിഭാഗം പിടികൂടി. ആറ് വ്യത്യസ്ത കേസുകളിലായാണ് സ്വര്‍ണവേട്ട. മൊത്തം അഞ്ചു കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.


ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് ജിദ്ദയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരെത്തിയ നാലു യാത്രക്കാരില്‍നിന്നുമായി 3,455 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ 13 ക്യാപ്‌സൂളുകള്‍ പിടികൂടി. മലപ്പുറം ഊരകം മേല്‍മുറി വെളിച്ചപ്പാട്ടില്‍ ഷുഹൈബില്‍(24)നിന്ന് 1064 ഗ്രാം തൂക്കംവരുന്ന നാല് ക്യാപ്‌സൂളുകളും വയനാട് മേപ്പാടി ആണ്ടികാടന്‍ യൂനുസ് അലി (34)യില്‍നിന്ന് 1059 ഗ്രാം തൂക്കംവരുന്ന നാല് ക്യാപ്‌സൂളുകളും കാസര്‍കോട് മുലിയടുക്കം അബ്ദുല്‍ ഖാദറി (22)ല്‍നിന്ന് 851 ഗ്രാം തൂക്കം വരുന്ന മൂന്നു ക്യാപ്‌സൂളുകളും മലപ്പുറം അരിമ്പ്ര വെള്ളമാര്‍തൊടി മുഹമ്മദ് സുഹൈലി(24)ല്‍നിന്ന് 481 ഗ്രാം തൂക്കം വരുന്ന രണ്ടു ക്യാപ്‌സൂളുകളുമാണ് കണ്ടെടുത്തത്. കള്ളക്കടത്തുസംഘമാണ് ഉംറ പാക്കേജിന്റെ ചെലവ് വഹിച്ചതെന്നാണ് യാത്രക്കാര്‍ വ്യക്തമാക്കിയത്.


മറ്റൊരു സംഭവത്തില്‍ എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് കേറ്റിണ്ടകയില്‍ ജംഷീറി(25)ല്‍ നിന്ന് 1,058 ഗ്രാമും അമ്പായപ്പറമ്പില്‍ ഷൈബുനീറി(39)ല്‍നിന്ന് 1,163 ഗ്രാമും തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂളുകള്‍ വീതം പിടികൂടി. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍നിന്ന് സ്വര്‍ണം വേര്‍തിരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സി.

Post a Comment

0 Comments