കർണാടകയിൽ ആർഎസ്എസിന് ഉൾപ്പെടെ ഭൂമി അനുവദിച്ചത് പുനഃപരിശോധിക്കാൻ സിദ്ധരാമയ്യ സർക്കാര്‍

LATEST UPDATES

6/recent/ticker-posts

കർണാടകയിൽ ആർഎസ്എസിന് ഉൾപ്പെടെ ഭൂമി അനുവദിച്ചത് പുനഃപരിശോധിക്കാൻ സിദ്ധരാമയ്യ സർക്കാര്‍

ബെംഗളൂരു: ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾക്ക് കഴിഞ്ഞ സര്‍ക്കാര്‍ ഭൂമി അനുവദിച്ചത് പുനഃപരിശോധിക്കുമെന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ. റവന്യൂമന്ത്രി കൃഷ്ണ ബൈരെ ഗൗഡയും ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവുമാണ് ഇക്കാര്യം പറഞ്ഞത്. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാർ അവസാന ആറ് മാസത്തിൽ ഭൂമി അനുവദിച്ചത് പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വകുപ്പിന് നിർദ്ദേശം നൽകിയതായി റവന്യൂമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ ഭൂമി അനുവദിച്ച എല്ലാ സംഭവങ്ങളും അവലോകനം ചെയ്യുകയും അന്തിമ തീരുമാനത്തിനായി വിഷയം മന്ത്രിസഭയുടെ മുമ്പാകെ വെക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അർഹരായ ആളുകൾക്കും സംഘടനകൾക്കുമായിരിക്കണം സർക്കാർ ഭൂമി ലഭ്യമാകേണ്ടത്. സംഘടനകളുടെ പേരിൽ അനുവദിക്കുകയും പിന്നീട് ചില സ്വകാര്യ വ്യക്തികൾ കൈയേറുകയും ചെയ്ത ഭൂമിയും തിരിച്ചെടുക്കും. “എല്ലാവർക്കും നീതി ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജാതി-മത ഭേദമന്യേ സംഘടനകൾക്ക് കഴിഞ്ഞ ആറ് മാസത്തിനിടെ അനുവദിച്ച ഭൂമി പുനഃപരിശോധിക്കും. യഥാർത്ഥ ആവശ്യങ്ങൾക്ക് ഭൂമി കൈപ്പറ്റിയ സംഘടനകളെ ബുദ്ധിമുട്ടിക്കില്ല,” ഗൗഡ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


സംസ്ഥാനത്ത് നൂറുകണക്കിന് ഏക്കർ സർക്കാർ ഭൂമി ആർഎസ്എസിന്റെയും സംഘപരിവാർ അനുബന്ധ സംഘടനകളുടെയും പേരിൽ കൈമാറ്റം ചെയ്യപ്പെട്ടതായി പ്രത്യേക വാർത്താസമ്മേളനത്തിൽ റാവു ആരോപിച്ചു. സംഘടനകൾക്ക് ഇത്തരത്തിൽ ഭൂമി അനുവദിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.


“ഭൂമി പതിച്ചുനൽകുന്നത് രഹസ്യമായി നടക്കരുത്. എല്ലാം പൊതുജനങ്ങളെ അറിയിക്കണം. അതിനാൽ ഭൂമി അനുവദിക്കുന്നത് പുനഃപരിശോധിക്കാൻ ഞങ്ങൾ നടപടിയെടുക്കും, ” റാവു പറഞ്ഞു.



വിദ്യാഭ്യാസത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ബൊമ്മൈ-സർക്കാർ ‘രാഷ്ട്രോത്ഥാന’യ്ക്ക് ഭൂമി അനുവദിച്ചിരുന്നു. ജനസേവ ട്രസ്റ്റ്, കൊടവ സമാജ് എന്നിവരെ കൂടെ മറ്റ് നിരവധി സംഘടനകൾക്കും ബെംഗളൂരുവിലും കർണാടകയിലെ മറ്റ് ഭാഗങ്ങളിലും ഭൂമി അനുവദിച്ചിരുന്നു.



എന്നാൽ, സർക്കാർ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത് വന്നു. കോൺഗ്രസിന്റെ നടപടി പ്രതികാരതിന്റെ പുറത്താകരുതെന്ന് ബിജെപി നേതാവ് ഡോ. സി എൻ അശ്വന്ത് നാരായൺ പറഞ്ഞു. സർക്കാർ ആളുകളെ പ്രാപ്തരാക്കുകയും പ്രവർത്തികൾ നിർവ്വഹിക്കുകയും ചെയ്യേണ്ടവരാണ്. സർക്കാറിന്റെ പ്രവർത്തികൾ പക്ഷപാതപരമാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും അശ്വന്ത് പറഞ്ഞു.



”എല്ലാ വിഷയങ്ങളും പരിശോധിക്കാനും അവ തിരിത്താനും സർക്കാരിന് അവകാശമുണ്ട്. പ​ക്ഷേ, അത് പ്രതികാരം തീർക്കാനാവരുത്. സഹായങ്ങൾ നൽകാനാണ് സർക്കാർ. അവരുടെ ലക്ഷ്യവും ഉദ്ദേശ്യവും പ്രധാനമാണ്. സർക്കാർ പക്ഷപാതപരമായി പ്രവർത്തിക്കരുത്” -അശ്വന്ത് നാരായൺ മാധ്യമങ്ങളോട് പറഞ്ഞു.


Post a Comment

0 Comments