കളിക്കുമ്പോൾ നോമ്പെടുക്കരുതെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ; എന്നാൽ കളിക്കാനില്ലെന്ന് മഹ്മൂദ് ഡിയാവാര

LATEST UPDATES

6/recent/ticker-posts

കളിക്കുമ്പോൾ നോമ്പെടുക്കരുതെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ; എന്നാൽ കളിക്കാനില്ലെന്ന് മഹ്മൂദ് ഡിയാവാര

 

പാരീസ്: കളിക്കുമ്പോള്‍ നോമ്പെടുക്കരുതെന്ന ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ വിലക്ക് തള്ളി യുവ താരം മഹ്മൂദ് ഡിയാവാര. ഇന്റര്‍നാഷണല്‍ ഡ്യൂട്ടിയിലുള്ള മുസ്‌ലിം താരങ്ങള്‍ക്കാണ് ഫെഡറേഷന്‍ (FFF) ഈ നിയമം നിര്‍ദേശിച്ചത്. അണ്ടര്‍ 16 താരങ്ങള്‍ മുതല്‍ സീനിയര്‍ താരങ്ങള്‍ വരെ ആരും രാജ്യത്തിനായി കളിക്കുന്ന സമയത്ത് നോമ്പെടുക്കരുതെന്നാണ് എഫ്.എഫ്.എഫിന്റെ നിയമം. എന്നാല്‍ ഫെഡറേഷന്റെ നിയമത്തോട് അതൃപ്തി പ്രകടിപ്പിച്ച ഫ്രഞ്ച് അണ്ടര്‍ 19 താരം മഹ്മൂദ് ഡിയാവാര, അങ്ങിനെയെങ്കില്‍ രാജ്യത്തിനായി കളിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

പിന്നാലെ ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ ലിയോണ്‍ താരമായ ഡിയാവാര ക്ലബ്ബിലേക്ക് മടങ്ങിയെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. നാന്റസിന്റെ അസോമാനിയെ, ഡിയാവാരക്ക് പകരക്കാരനായി ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫിലിപ് ഡിയാലോ കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്റര്‍നാഷണല്‍ ഡ്യൂട്ടിയലുള്ള താരങ്ങള്‍ക്കുള്ള പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചത്. ഫെഡറേഷന്റെ നിയമസംഹിതയില്‍ ‘പ്രിന്‍സിപ്പില്‍ ഓഫ് ന്യൂട്രാലിറ്റി’ എന്ന തത്വം നേരത്തേ ഉണ്ടെന്നും എല്ലാ കളിക്കാര്‍ക്കും നിയമം ഒരു പോലെ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. മതം കളിയില്‍ ഇടപെടുന്നതിനെ ഈ നിയമം വിലക്കുന്നുണ്ട്. ചിലര്‍ക്കായി മാത്രം ടീമിന്റെ പരിശീലന സെഷനുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്നും ഡിയാലോ കൂട്ടിച്ചേര്‍ത്തു.

ലീഗ് 1 മത്സരങ്ങളില്‍ മുസ്ലിം കളിക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ ഇടവേള നല്‍കരുതെന്ന് എഫ്.എഫ്.എഫ് നേരത്തെ പ്രഖ്യാപിച്ചത്് വിവാദമായിരുന്നു. നോമ്പ് തുറക്കാനായി സായാഹ്ന മത്സരങ്ങള്‍ റമദാനില്‍ താല്‍ക്കാലികമായി അല്‍പനേരം നിര്‍ത്തിവക്കുന്നത് ഫെഡറേഷന്‍ വിലക്കി.

കഴിഞ്ഞ വര്‍ഷവും മുസ്ലിം താരങ്ങള്‍ക്ക് നോമ്പ് തുറക്കാനായി മത്സരങ്ങള്‍ നിര്‍ത്തിവക്കുന്നത് ഫെഡറേഷന്‍ വിലക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ സമീപനത്തിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. വര്‍ഷം 2023 ആയെന്ന് ഓര്‍മപ്പെടുത്തി മുഖം പൊത്തിപ്പിടിക്കുന്ന ഇമോജി പങ്കുവച്ചാണ് ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്‌നെ പ്രതികരിച്ചത്.

അതേസമയം, ഫ്രാന്‍സിലേതിന് വിപരീതമായി, റമദാനില്‍ മുസ്ലിം കളിക്കാര്‍ക്ക് നോമ്പ് തുറക്കാനായി മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കഴിഞ്ഞ വര്‍ഷം റഫറിമാരോട് ആവശ്യപ്പെട്ടിരുന്നു. ജര്‍മനിയിലും നെതര്‍ലാന്‍ഡിലും സമാനമായ സമീപനങ്ങളുണ്ട്.

Post a Comment

0 Comments