കേരളത്തില്‍നിന്ന് ഗള്‍ഫിലേക്ക് കപ്പല്‍; നാല് കമ്പനികള്‍ രംഗത്ത്, നാളെ ചര്‍ച്ച

LATEST UPDATES

6/recent/ticker-posts

കേരളത്തില്‍നിന്ന് ഗള്‍ഫിലേക്ക് കപ്പല്‍; നാല് കമ്പനികള്‍ രംഗത്ത്, നാളെ ചര്‍ച്ചകൊച്ചി- കേരളത്തില്‍നിന്ന് ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചു നാല് കമ്പനികള്‍ രംഗത്ത്. കേരളത്തിലെ തുറമുഖങ്ങളില്‍ നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കു സര്‍വീസ് നടത്താന്‍ രാജ്യത്തെ മുന്‍നിര കപ്പല്‍ കമ്പനിയായ ജെഎം ബക്‌സി , സിത  ട്രാവല്‍ കോര്‍പറേഷന്‍ ഇന്ത്യ, ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്,  ഗാങ്‌വെ  ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് എന്നിവയാണ് താല്‍പര്യം അറിയിച്ചത്.വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്നു ഗള്‍ഫിലേക്കു യാത്രാ കപ്പല്‍ സര്‍വീസ് നടത്താന്‍ താല്‍പര്യമുള്ള കമ്പനികളില്‍ നിന്നു കേരള മാരിടൈം ബോര്‍ഡ് ഈ മാസം ആദ്യം താല്‍പര്യപത്രം  ക്ഷണിച്ചിരുന്നു. ഹൈബ്രിഡ് മാതൃകയിലുള്ള ചെറുതോ വലുതോ ആയ കപ്പലുകള്‍ സര്‍വീസ് നടത്താന്‍ കഴിയുന്ന കമ്പനികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

ഏപ്രില്‍ 22 വരെ അപേക്ഷകള്‍ നല്‍കാമെന്നതിനാല്‍ ഇനിയും കൂടുതല്‍ കമ്പനികള്‍ താല്‍പര്യം അറിയിക്കുമെന്നാണു മാരിടൈം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

മുന്നോട്ടു വരുന്ന കമ്പനികളുമായി മാരിടൈം ബോര്‍ഡ് വിശദമായ ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്നു തുറമുഖങ്ങളില്‍  ഒരുക്കിയ ശേഷമാകും സര്‍വീസ് സംബന്ധിച്ച അന്തിമ തീരുമാനം.

കേരള മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഗള്‍ഫിലേക്കുള്ള കപ്പല്‍ യാത്രയുടെ സാധ്യതകള്‍ പരിശോധിക്കാനുള്ള ആദ്യഘട്ട ചര്‍ച്ച നാളെ കൊച്ചിയില്‍ നടക്കും. വിവിധ കപ്പല്‍ കമ്പനികളുമായുള്ള ചര്‍ച്ചയും നാളെ നടക്കും. ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള, ഉന്നത ഉദ്യോഗസ്ഥര്‍, പോര്‍ട്ട് ഓഫിസര്‍മാര്‍, കൊച്ചിന്‍ ഷിപ്‌യാഡ്, ടൂറിസം വകുപ്പ് പ്രതിനിധികള്‍, കപ്പല്‍ കമ്പനികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

യാത്രക്കാരില്‍നിന്ന് മാരിടൈം ബോര്‍ഡ് സര്‍വേ നടത്തുന്നുണ്ട്.

കപ്പലില്‍ യാത്ര ചെയ്യാന്‍ താല്‍പര്യമുണ്ടോ, എത്ര ഇടവേളയിലാണു കേരളത്തില്‍ വരിക, യാത്രാ സീസണുകള്‍ ഏതെല്ലാം, പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക്, ലഗേജ് എത്ര, കപ്പല്‍ യാത്രയുടെ പ്രതീക്ഷിക്കുന്ന ദൈര്‍ഘ്യം തുടങ്ങിയ പത്തോളം ചോദ്യങ്ങളാണു ബോര്‍ഡിന്റെ വെബ്‌സൈറ്റ് (kmb.kerala.gov.in) സര്‍വേയിലുള്ളത്.

സീസണുകളില്‍ ഗള്‍ഫില്‍ നിന്നു കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്ക് ഉയര്‍ന്നതായതിനാല്‍ ഗള്‍ഫ്‌കേരള കപ്പല്‍  സാധാരണക്കാരായ പ്രവാസികള്‍ക്കു സഹായകമാകും. സീസണുകളില്‍ സാധാരണ നിരക്കിന്റെ ഇരട്ടി വരെ വിമാന കമ്പനികള്‍ ഈടാക്കാറുണ്ട്.

Post a Comment

0 Comments