കൊട്ടിക്കലാശം; കാഞ്ഞങ്ങാട് ടൗണിൽ യുഡിഎഫിൽ ഭിന്നത

കൊട്ടിക്കലാശം; കാഞ്ഞങ്ങാട് ടൗണിൽ യുഡിഎഫിൽ ഭിന്നത




കാഞ്ഞങ്ങാട്: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ കൊട്ടിക്കലാശം മൂർദ്ധന്യത്തിൽ നിൽക്കുമ്പോൾ കാഞ്ഞങ്ങാട് യുഡിഎഫിൽ ഭിന്നത പുറത്ത് വന്നു. ബിജെപി നയിക്കുന്ന എൻഡിഎ യും ഇടത് മൂന്നണിയും ആവേശിജ്ജ്വലമായ കൊട്ടിക്കലാശ പ്രകടനം നടത്തുമ്പോൾ പഴയ ഷുക്കൂർ ലോഡ്ജിന് മുന്നിൽ ഒത്തു കൂടിയ യുഡിഎഫ് പ്രവർത്തകർ ജാഥ തുടങ്ങാൻ നേതൃത്വത്തെ കാത്തിരിക്കുകയായിരുന്നു. അഞ്ച് മണിക്ക് പരസ്യ പ്രചാരം അവസാനിക്കുമെന്നിരിക്കെ നാലര മണിയായിട്ടും യുഡിഎഫ് നേതൃത്വം എത്താത്തതിനാൽ മുസ്ലിം ലീഗ് അണികൾ നേതൃത്വത്തെ പരസ്യമായി ശാപവാക്കുകൾ കൊണ്ടു കുറ്റപ്പെടുത്തുകയും ചെയ്തു. അതിനിടെ അവിടെയെത്തിയ സിഎംപി, കോൺഗ്രസ് നേതൃത്വത്തിലെ ചിലർ രംഗം പന്തിയല്ലെന്ന് കണ്ട് പിൻവലിയുകയും ചെയ്തു. സ്ഥലത്ത് ഉണ്ടായിരുന്ന കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡൻ്റ് എം പി ജാഫർ, അബ്ദുൽ റസാക്ക് തായിലക്കണ്ടി എന്നിവരോട് പ്രകടനം തുടങ്ങാൻ തടിച്ചു കൂടിയ പ്രവർത്തകർ ആവശ്യപ്പെട്ടുവെങ്കിലും തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നു പറഞ്ഞു രണ്ടു പേരും ഒഴിഞ്ഞു മാറി. അതിൽ രോഷം പ്രകടിപ്പിച്ചു കൊണ്ട് കെ എം സി സി നേതാക്കളായ സി എച്ച് നൂറുദ്ദീൻ, ഇല്ല്യാസ് ബല്ല തുടങ്ങിയവർ പൊട്ടിത്തെറിക്കുകയും അണികളുടെ വികാരത്തിന് ഒപ്പം കൂടുകയും ചെയ്തു. അവസാനം നാലേ നാൽപ്പത്തിയഞ്ചിന് യുഡിഎഫ് അനൗൺസ്മെൻ്റ് വാഹനം വരികയും പ്രവർത്തകർ വാഹനത്തെ അനുഗമിച്ചു പഴയ ബസ്സ്റ്റാൻഡ് വരെ പ്രകടനം നടത്തുകയും അപ്പോഴേക്കും അഞ്ചു മണി കഴിയുകയും ചെയ്തു.

കാഞ്ഞങ്ങാട്ടെ യുഡിഎഫ് നേതൃത്വം ഒന്നടങ്കം പി കെ ഫിറോസിൻ്റെ റോഡ് ഷോയോടൊപ്പം കാസർകോട്ടേക്ക് പോയതാണ് കാഞ്ഞങ്ങാട് നാഥനില്ലാതെ യുഡിഎഫ് പ്രവർത്തകർ അലയാൻ കാരണമായത്

Post a Comment

0 Comments