സുപ്രീംകോടതി അഭിഭാഷകനും കെ.എം.സി.സി ഡൽഹി ഘടകം പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാർഥി. തിരുവനന്തപുരത്ത് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന്റെ തീരുമാനം രാഷ്ട്രീയ ഉപദേശകസമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.
എൻ.ഡി.എ സർക്കാറാണ് അധികാരത്തിൽ വരുകയെങ്കിൽ അഡ്വ. ഹാരിസ് ബീരാന് രാജ്യസഭയിലേക്ക് അവസരം നൽകുമെന്ന് പാർട്ടി നേരത്തേ സൂചന നൽകിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ പരിഗണിച്ചത്. ലീഗിന്റേതുൾപ്പെടെ പല സുപ്രധാന കേസുകളും കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. നിയമജ്ഞനായ എം.പിക്ക് കൂടുതൽ പ്രസക്തിയുണ്ടെന്ന വിലയിരുത്തലാണ് ഹാരിസ് ബീരാന് അവസരം നൽകുന്നതിലേക്ക് എത്തിച്ചത്.
രാജ്യസഭയിലേക്ക് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബുവിനെ മത്സരിപ്പിക്കണമെന്ന് ശക്തമായ ആവശ്യമുയർന്നിരുന്നു. ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ സലാമിന്റെ പേരും സജീവ ചർച്ചയിലുണ്ടായിരുന്നു.
0 Comments